ഇരട്ട വോട്ട്; ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹിയറിംഗ് നടത്തി റവന്യു വകുപ്പ്

ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി 211 ഇരട്ട വോട്ടുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്

Update: 2024-04-02 01:30 GMT
Advertising

ഇടുക്കി: ഇടുക്കി ജില്ലയിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇരട്ട വോട്ടുള്ളവരുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ റവന്യൂ വകുപ്പ് ഹിയറിംഗ് നടത്തി.ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി 211 ഇരട്ട വോട്ടുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.

ഇലക്ഷന്‍ വിഭാഗം നോട്ടീസ് അയച്ച 211 പേരില്‍ 115 പേരാണ് ചതുരംഗപാറ വില്ലേജ് ഓഫിസില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുത്തത്. ഇതില്‍ മുപ്പതോളം പേര്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാത്തവര്‍ തമിഴ് നാട്ടിലെ സ്ഥിര താമസക്കാരോ മരണപെട്ടവരോ ആണെന്നാണ് നിഗമനം. മുമ്പ് തമിഴ് നാട്ടില്‍ കഴിഞ്ഞവരും വിവാഹ ശേഷം ഇടുക്കിയിലേക്കെത്തിയവരും ഇരു സംസ്ഥാനത്തും ഇടം പിടിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഡെപ്യുട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഹിയറിംഗ് നടത്തിയത്. വോട്ടര്‍മാരുടെ വിശദീകരണം സഹിതം റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. തമിഴ് നാട് തേനിയിലെ ഫോട്ടോ പതിപ്പിച്ച വോട്ടേഴ്സ് ലിസ്റ്റ് കൂട് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഉടുമ്പന്‍ചോല പഞ്ചായത്തിലെ 6, 12 വാര്‍ഡുകളില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് കാട്ടി ബി.ജെ.പി പ്രാദേശിക നേതൃത്വമാണ് പരാതി നല്‍കിയത്. ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലയില്‍ പതിനായിരകണക്കിന് ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന ആരോപണവും ശക്തമാണ്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News