ആത്മഹത്യ ചെയ്ത സജീവന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജൻ
സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു
ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പറവൂർ മാല്യങ്കരയിലെ സജീവന്റെ കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തും നീതി ലഭ്യമാക്കുമെന്ന് അറിയിച്ചും റവന്യൂ മന്ത്രി കെ രാജൻ. സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും റവന്യൂ ഓഫീസുകളിലെ തിരക്കും ആൾ ക്ഷാമവും കുറക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും പറഞ്ഞു. റവന്യൂ ഓഫീസുകളിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തുമെന്നും റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ഏജൻറുമാരുടെ ഇടപെടൽ നിയന്ത്രിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മരിച്ച സജീവൻ ഭൂമി തരം മാറ്റലിന് സമർപ്പിച്ചിരുന്ന അപേക്ഷയിൽ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ കാരണക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഇങ്ങനെയൊരു കാര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റവന്യു പ്രിൻപ്പൽ സെക്രട്ടറി ഡോ. ജയതിലകൻ എറണാകുളം കലക്ടറേറ്റിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ. സർക്കാർ മുൻവിധിയോടെയല്ല ഇക്കാര്യങ്ങളെ സമീപിക്കുന്നത്. റിപ്പോർട്ടിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തും. ലൈഫ് പദ്ധതികളുമായി ബന്ധപ്പെട്ട് ഉൾപ്പെടെ വളരെ കുറഞ്ഞ ഭൂമിയുള്ളവർക്കു മുൻഗണന നൽകുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ ഇടപെടലിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തും. തെറ്റായ ഇടപെടൽ നടത്താൻ സർക്കാർ സമ്മതിക്കില്ല. അതിന്റെ ഭാഗമായായിട്ടാണ് അടുത്തിടെ ഫോർട്ട് കൊച്ചി ആർ ഡി ഓഫീസിലെ 23 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. സജീവിന്റെ കുടുംബത്തിന് നീതി ലഭിക്കും. ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശം സൗജന്യമായി നൽകാവുന്നതാണ്. രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സജീവന്റെ കുടുബാംഗങ്ങളുടെ ദു:ഖത്തിൽ സർക്കാരും പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു. സജീവന്റെ അമ്മ, ഭാര്യ, മറ്റു കുടുബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. മുൻ മന്ത്രി എസ്.ശർമ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭൂമി തരം മാറ്റം അപേക്ഷകളിൽ അടുത്ത കാലത്തായി വർധനയുണ്ടായിട്ടുണ്ട്. 2008 ലുണ്ടാക്കിയ നെൽവയൽ തണ്ണീർത്തട നിയമത്തിന് 2018 ൽ ഭേദഗതി വരികയുണ്ടായി. 2008 നു മുമ്പ് നികന്നു കിടക്കുന്ന ഭൂമി റെഗുലറൈസ് ചെയ്യാനുള്ള ദേദഗതിയാണ് വരുത്തിയത്. 2021 ഫെബ്രുവരിയിൽ 25 സെന്റ് വരെയുള്ള ഭൂമിക്ക് പണമടക്കേണ്ടതില്ല എന്ന തീരുമാനത്തിൽ കാബിനറ്റ് എത്തിയെങ്കിലും തെരഞ്ഞെടുപ്പ് മൂലം മറ്റു നടപടികൾ എടുക്കാനായില്ല. എന്നാൽ സൗജന്യമാക്കണമെന്ന കോടതി വിധി വന്നത് ആഗസ്റ്റ് മാസത്തിലാണ്. ഈ കാലയളവിൽ അപേക്ഷകളുടെ എണ്ണവും വർധിച്ചു. ഓൺലൈനായി പോക്കുവരവ് ചെയ്യാൻ സാധിക്കുന്ന ഘട്ടത്തിൽ നികുതി അടക്കുന്ന ആളുകളുടെ എണ്ണം വർധിച്ചതും ഭൂമിയുടെ സ്വഭാവം എന്താണെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് കഴിഞ്ഞതും അപേക്ഷകളുടെ എണ്ണം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Revenue Minister K Rajan has promised all support to the family of Sajeevan of Paravur who committed suicide due to non-reclamation of land and promised justice.