റിഫ മെഹ്നുവിന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പൊലീസിന്

ആന്തരികാവയവങ്ങളുടെ പരിശോധനഫലം ഇന്ന്

Update: 2022-05-09 16:02 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൈമാറുക. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 റിഫയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കേസിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിനായി കേസ് അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിൻറെ പ്രാഥമിക കണ്ടെത്തൽ.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News