ഒൻപത് വർഷത്തെ യുവജന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പടിയിറങ്ങി; സമരത്തിൻ്റെയും പോരാട്ടത്തിൻ്റെയും കാലഘട്ടമെന്ന് റിജില്‍ മാക്കുറ്റി

നിരവധി സമര പോരാട്ടങ്ങളുടെ മുമ്പിൽ നിൽക്കുവാനും അതിന്‍റെ പേരിൽ പൊലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും സംഘടനയായിരുന്നു കരുത്തായത്

Update: 2023-12-03 08:00 GMT
Editor : Jaisy Thomas | By : Web Desk

റിജില്‍ ചന്ദ്രന്‍ മാക്കുറ്റി

Advertising

കണ്ണൂര്‍: ഒൻപത് വർഷത്തെ യുവജന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പടിയിറങ്ങിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ആറ് വർഷക്കാലം സമരത്തിൻ്റെയും പോരാട്ടത്തിൻ്റെയും കാലഘട്ടമായിരുന്നുവെന്നും നിലപാട് എടുക്കുന്ന കാര്യത്തിൽ ഒരിഞ്ച് മടിച്ച് നിൽക്കാത മുന്നോട്ടുപോകാനുള്ള കരുത്ത് നൽകിയ സംഘടനയാണ് യൂത്ത് കോൺഗ്രസെന്നും റിജില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

ഒൻപത് വർഷത്തെ യുവജന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് അഭിമാനത്തോടെ ഇന്നലെ പടിയിറങ്ങി. നിലപാട് എടുക്കുന്ന കാര്യത്തിൽ ഒരിഞ്ച് മടിച്ച് നിൽക്കാത മുന്നോട്ടുപോകാനുള്ള കരുത്ത് നൽകിയ സംഘടനയാണ് യൂത്ത് കോൺഗ്രസ്. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ പദവി ഒഴിഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പിലൂടെയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ അധ്യക്ഷനായി പ്രിയങ്കരനായ ഡീന്‍ കുര്യാക്കോസിൻ്റെ കമ്മിറ്റിയിൽ കടന്നു വന്നത്. ആറ് വർഷക്കാലം സമരത്തിൻ്റെയും പോരാട്ടത്തിൻ്റെയും കാലഘട്ടമായിരുന്നു.

മോദി സർക്കാരിൻ്റെ കശാപ്പ് നിരോധന നിയമത്തിനെതിരെ കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം പാർട്ടിയുടെ ആശയത്തിന് എതിരായതിൻ്റെ പേരിൽ ഒരു വർഷക്കാലം സംഘടന നടപടി നേരിട്ട് ഞാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് പുറത്ത് നിൽക്കേണ്ടി വന്നെങ്കിലും ബീഫ് കഴിച്ചതിൻ്റെ പേരിൽ പച്ച മനുഷ്യരെ തല്ലിക്കൊല്ലാൻ ഹിന്ദുത്വ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ സാധിക്കുന്ന കരിനിയമത്തിൽ നിന്ന് മോദി സർക്കാർ പിന്നോട്ട് പോകാൻ ഈ സമരം ഇടയായെന്നത് അഭിമാനത്തോടെ ഓർക്കുകയാണ്. ടിപ്പു ജയന്തി കണ്ണൂരിൽ നടത്തിയതും അക്കാലത്ത് തന്നെ ഏകീകൃത സിവിൽ കോഡിനെതിരെ സെമിനാറുകൾ നടത്തിയതും ഞങ്ങളുടെ കമ്മിറ്റിയായിരുന്നു.

പാർട്ടി നടപടി നേരിട്ട സമയത്താണ് കൂടെപിറപ്പിനെപ്പോലെ താങ്ങായും തണലായും കൂടെ നിന്ന മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായ പ്രിയ ഷുഹൈബിനെ സി.പി.എം നരാധൻമാർ നാൽപ്പത്തിയൊന്ന് വെട്ട് വെട്ടി കൊലപ്പെടുത്തിയത്. എനിക്കെന്നും അത് തീരാവേദനയാണ്.പ്രിയപ്പെട്ടവൻ്റെ രക്തസാക്ഷിത്വം. ധീര ഷുഹൈബിൻ്റെ ചേതനയറ്റ ശരീരവുമായി പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് പോസ്റ്റ്മോട്ടത്തിനു ശേഷം എടയന്നൂരിലെ പള്ളിക്കാട് വരെ പോകേണ്ടി വന്നത് യൂത്ത് കോൺഗ്രസ്സ് കാലഘട്ടത്തിലെ ദുരന്തഓർമ്മയാണ്.

അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു ഷുഹൈബ്. സംഘടനയിൽ തിരിച്ച് വന്നതിനു ശേഷം പ്രിയപ്പെട്ടൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനു വേണ്ടി മട്ടന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് ആയിരത്തോളം വരുന്ന സഹപ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ മാർച്ച് അക്ഷരാർത്ഥത്തിൽ മട്ടന്നൂർ പൊലീസിൻ്റെ എല്ലാ കണകൂട്ടലുകളെയും തെറ്റിച്ച് മണിക്കൂറുകളോളം പൊലീസ് സമരത്തെ നേരിട്ടിറ്റും ഒരിഞ്ച് പിറകോട്ട് പോകാതെ ഞങ്ങൾ നടത്തിയ ചെറുത്ത് നിൽപ്പും അതിനുശേഷം പോലീസ് അറസ്റ്റ് ചെയ്ത് അവസാനം 12 ദിവസത്തോളം ഞാനുൾപ്പടെയുള്ള സഹപ്രവർത്തകർ കണ്ണൂർ സെട്രൽ ജയിലിൽ കിടന്നതൊന്നും പ്രിയപ്പെട്ടവൻ്റെ ചോരയ്ക്ക് പകരമാകില്ലെന്നറിയാം.

പ്രിയപ്പെട്ടവൻ്റെ ഒന്നാം രക്തസാക്ഷിത്വം എൻ്റെ നേതൃത്വത്തുള്ള കണ്ണൂർ ലോക്സഭ കമ്മിറ്റി മട്ടന്നൂർ അതുവരെ കാണാത്ത യുവജനങ്ങളെ അണി നിരത്തി നടത്താൻ സാധിച്ചതും പുതിയ സംസ്ഥാന കമ്മിറ്റി വരുന്നതിൻ്റെ ഭാഗമായി കമ്മിറ്റിപിരിച്ച് വിട്ടപ്പോഴും രണ്ടാം രക്തസാക്ഷി ദിനം ആയിരങ്ങൾ അണിനിരന്ന യുവജന റാലിയോടുകൂടി മട്ടന്നൂരിൽ തന്നെ നടത്തുകയും രക്തസാക്ഷി അനുസ്മരണ ത്തിൻ്റെ സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ശ്രി Srinivas BV യാണ് മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യ്തത് . തുടർന്ന് വന്ന സുദീപ് ജയിംസിൻ്റെ നേതൃത്വത്തിലുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയും കോവിഡിൻ്റെ ഇടവേളയൊഴിച്ച് ആയിരങ്ങളെ അണിനിരത്തി കൊണ്ട് എല്ലാ വർഷവും ധീര ഷുഹൈബിൻ്റെ രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉജ്ജ്വമായി നടത്തി കൊണ്ടിരിക്കുന്നു. കണ്ണൂർ ലോക്സഭ പ്രസിഡൻ്റായ കാലഘട്ടത്തിലാണ് കാസർക്കോട്ടെ കല്ലിയോട്ടെ ധീരൻമാരയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലിനെയു കൃപേഷിനെയും CPM ഭീകരൻമാർ കൊന്നവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ്സ് കാലത്തെ മറ്റൊരു വേദനയാണ്.

ഒരു മാസക്കാലം നീണ്ട് നിന്ന ലോക് സഭ സമ്മേളനം സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം ഉൾപ്പെടെ നടത്തി ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻമാരെ അണിനിരത്തി കണ്ണൂർ നഗരം ചുറ്റിയ ഉജ്ജ്വലമായ റാലിയോടുകൂടി കണ്ണൂർ കളട്രേറ്റ് മൈതാനിയിൽ പൊതുസമ്മേളനം നടത്തുവാനും സാധിച്ചു. അന്നത്തെ യൂത്ത് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ശ്രീ Amarinder Singh Raja Warring ആണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ്സ് കാലത്തെ ഉജ്ജ്ലമായ ഓർമ്മകളിൽ ഒന്നാണ് ആ സമ്മേളനം.

രണ്ട് ദേശീയ അധ്യക്ഷൻമാരെ കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ആ കാലഘട്ടത്തിൽ എൻ്റെ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട് .പ്രളയകാലത്ത് ദുരിതമനുഭവിച്ച കണ്ണൂർ ലോക് സഭ മണ്ഡലത്തിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും അതോടൊപ്പം വീട്ടു സാധനങ്ങൾ ഉൾപ്പെടെ എത്തിച്ചു കൊടുക്കാൻ കഴിഞ്ഞിറ്റുണ്ട്.. അതിനു വേണ്ടി കണ്ണൂർ ടൗണിൽ ഒരു മാസകാലം നീണ്ട പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം സ്ഥാപിച്ച് കൊണ്ടാണ് പ്രവർത്തനങ്ങൾ ഞങ്ങൾ ഏകോപിച്ചത്. അതോടാപ്പം ആറ് വർഷക്കാലം കണ്ണൂർ ലോക്സഭ കമ്മിറ്റി കണ്ണൂർ ലോക്സഭ മണ്ഡലത്തിനു കീഴിൽ SSLC +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെ മികവ് എന്ന പേരിൽ ആദരിക്കാൻ സാധിച്ചതും അഭിമാനത്തോടെ ഓർക്കുകയാണ്.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സിനെ ഒറ്റക്കെട്ടായും കൂട്ടായ്മയോടെയും നയിക്കുകയും ഞങ്ങൾ നടത്തിയ സമര പോരാട്ടത്തിന്റെയും പ്രവർത്തനത്തിന്റെയും അംഗീകാരമായാണ് ദേശീയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംസ്ഥാന അധ്യക്ഷനെ പരിഗണിക്കുന്ന പട്ടികയിൽ സാധാരണക്കാരനായ എന്നെ ഉൾപ്പെടുത്തിയത്.തുടർന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രസിഡൻ്റായ സംസ്ഥാന കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ടായി മൂന്ന് വർഷക്കാലം പ്രവർത്തിക്കാൻ സാധിച്ചത്. ആ മൂന്നു വർഷക്കാലവും സംഘടനയുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വ പരമായ പങ്കുവയ്ക്കാൻ സാധിച്ചിട്ടുണ്ട്.

സംഘടനപരമായ ചുമതലയുണ്ടായിരുന്ന കാസർകോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലാ അധ്യക്ഷന്മാരുമായും ഭാരവാഹികളുമായും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സംഘടനയ്ക്ക് ഹിതകരമല്ലാത്ത പ്രവർത്തനങ്ങൾക്കോ ഗ്രൂപ്പ് പ്രവർത്തനം നടത്തി സാധാരണ പ്രവർത്തകർക്ക് അവമതിപ്പുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യ്തിട്ടില്ല.അതുകൊണ്ടുതന്നെ പടിയിറങ്ങുമ്പോൾ അഭിമാനത്തോടുകൂടി തിരിഞ്ഞുനോക്കാൻ എനിക്ക് സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം. പ്രവർത്തകർ അത് വിലയിരുത്തട്ടെ..

നിരവധി സമര പോരാട്ടങ്ങളുടെ മുമ്പിൽ നിൽക്കുവാനും അതിന്‍റെ പേരിൽ പൊലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും സംഘടനയായിരുന്നു കരുത്തായത്. കേരളത്തെ വിനാശകരമായ വികസനത്തിലേക്ക് നയിക്കാൻ കൊണ്ടുവന്ന കെ റെയിലിനെതിരായി നടത്തിയ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനും അതിൻ്റെ പേരിൽ സമരമുഖത്ത് ക്രൂരമായി ഡിവൈഎഫ്ഐ ഗുണ്ടകൾ അക്രമിച്ചപ്പോഴും കേരളത്തിലെമ്പാടും നടക്കുന കെ റെയിൽ വിരുദ്ധ സമരങ്ങളുടെ ഭാഗമാകാനും അതിന്റെ പേരിൽ ജയിലിലേക്ക് പോകാനും കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ ഓർക്കുകയാണ്. പിണറായി സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെയും പിൻവാതിൽ നിയമന അഴിമതിക്കെതിരെയും സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരത്തിൽ 9 ദിവസം സഹപ്രവർത്തകരോടൊപ്പം പങ്കെടുക്കാൻ സാധിച്ചതും ആ നിരാഹാര വേദിയിലെ കടന്നുവന്ന കേരളം കണ്ട ഏറ്റവും വർഗീയവാദിയായ പിസി ജോർജ് എന്ന രാഷ്ട്രീയ മാലിന്യം എനിക്ക് അണിയിക്കാൻ കൊണ്ടുവന്ന ഷാൾ നിഷേധിച്ചതും യൂത്ത് കോൺഗ്രസ്സ് കാലത്തെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമായി കരുതുകയാണ്.

അത്തരം നിലപാടുകൾ എടുത്തതിൻ്റെ പേരിൽ പല ഘട്ടത്തിലും സംഘപരിവാറും കമ്മികളും കാസ ടീംസും ഒരുമിച്ച് സൈബർ ബുള്ളിങ്ങ് നടത്തിയ ഒരാൾ ഞാനായിരിക്കും. അത്തരക്കാർ എല്ലാരും ഒന്നിച്ച് എതിർക്കുന്നതിൻ്റെ കാരണം ഞാൻ എടുത്ത നിലപാടിൻ്റെ വിജയമാണ്. അതൊക്കെയാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അഭംഗുരം മുന്നോട്ട് പോകാൻ കഴിഞ്ഞത് യൂത്ത് കോൺഗ്രസ്സ് എന്ന സംഘടന നൽകിയ തണലായിരുന്നു. ഇനിയും അത് തുടർന്ന് കൊണ്ടേയിരിക്കും. എല്ലാ പ്രതിസന്ധിയിലും മുന്നോട്ടുള്ള പ്രയാണത്തിലും പിൻതുണ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇനി KPCC അംഗം എന്ന നിലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകും. അതോടൊപ്പം പുതിയ പ്രസിഡൻ്റായി ചുമതലയേറ്റ പ്രിയ സഹപ്രവർത്തകനായി ഒരുമിച്ച് പ്രവർത്തിച്ച Rahul Mamkootathil നും സഹപ്രവർത്തകർക്കും സമരാഭിവാദ്യങ്ങളും ഹൃദയാഭിവാദ്യങ്ങളും നേരുന്നു.

മൂന്നു വർഷക്കാലം കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ സംഘടനയുടെ ചുമതലയേറ്റെടുത്ത് ധീരമായി സമര പോരാട്ടങ്ങളിലൂടെയും യൂത്ത് കെയർ എന്ന സാന്ത്വന പ്രവർത്തനങ്ങളിലൂടെയും ബൂത്ത് സമ്മേളനം തൊട്ട് പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തി തൃശ്ശൂരിൽ ചരിത്രത്തിൻ്റെ തങ്ക ലിപികളാല്‍ എഴുതിചേർക്കപ്പെട്ട സമ്മേളനം നടത്തിയ സ്ഥാനം ഒഴിഞ്ഞ സംസ്ഥാ അധ്യക്ഷൻ ഷാഫി പറമ്പിലിനും കൂടെ പ്രവർത്തിച്ച സഹപ്രവർത്തകർക്കും മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News