കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ
പോണ്ടിച്ചേരിയിൽ വ്യാജപേരിൽ പുതിയ കുടുംബങ്ങളുമായി ഒളിവിൽ ജീവിക്കുകയായിരുന്നു ഇവർ
ഏറണാകുളം: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2006ലാണ് കേസിനാസ്പദമായ സംഭവം.
പ്രതികൾ പോണ്ടിച്ചേരിയിൽ മറ്റ് പേരുകളിൽ കുടുംബം കെട്ടിപ്പടുത്ത് സ്ഥാപനങ്ങൾ നടത്തി ജീവിക്കുകയാണ് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോണ്ടിച്ചേരിയിൽ നടത്തിയ അന്വേഷണത്തിൽ സിബിഐയുടെ ചെന്നൈ യൂണിറ്റാണ് ഇവരെ പിടികൂടിയത്.
ഒന്നാം പ്രതിയായ ദിബിൽ കുമാറിന്, കൊല്ലപ്പെട്ട യുവതിയിലുണ്ടായ ഇരട്ട കുട്ടികൾ ഉണ്ടാവുകയായിരുന്നു. ഇവരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ദിബിൽ കുമാറിന്റെ നിർദേശപ്രകാരം രാജേഷാണ് മൂവരെയും കൊലപ്പെടുത്തിയത്. തുടർന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.
തുടക്കത്തിൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മുൻ സൈനികരാണ് പ്രതികൾ.