കാൽമുട്ടിന്റെ ലിഗ്മെന്റ് ഇളകി, നെറ്റിയിലും ശരീരഭാഗങ്ങളിലും മുറിവുകള്‍; പന്തിന്റെ പരിക്ക് ഗുരുതരമെന്ന് ബി.സി.സി.ഐ

കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു

Update: 2022-12-30 10:23 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കാറപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതരമായ പരിക്കെന്ന് റിപ്പോർട്ട്. നെറ്റിയിൽ പരിക്കേറ്റതിനു പുറമെ വലതു കാൽമുട്ടിന്റെ ലിഗ്മെന്റ് ഇളകുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

ബി.സി.സി.ഐ ആണ് വാർത്താകുറിപ്പിലൂടെ താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. നെറ്റിയിൽ രണ്ടിടത്ത് മുറിവുണ്ട്. വലതു കാൽമുട്ടിലെ ലിഗ്മെന്റ് ഇളകുകയും വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്‌ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ടെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് നിലവിൽ പന്ത് ചികിത്സയിലുള്ളത്. പന്ത് അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പരിക്കിന്റെ ആഴം കണ്ടെത്താനായി ഇന്ന് എം.ആർ.ഐ സ്‌കാനിങ്ങിനും താരം വിധേയമാകും. കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.

കാർ ഡിവൈഡറിലിടിച്ചു; കത്തിയമർന്നു

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. ഡിവൈഡറില്‍ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. സംഭവസമയത്ത് എയർബാഗ് പ്രവർത്തിച്ചിരുന്നോ എന്നു വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കാറിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വിവരമറിഞ്ഞ് പൊലീസും എത്തുകയായിരുന്നു.

ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്കായി ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരം അപകടനില തരണം ചെയ്‌തെന്ന് മാക്‌സ് ആശുപത്രി അധികൃതർ വ്യക്തമാക്കി. പന്ത് നിരീക്ഷണത്തിലാണെന്നും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Summary: Rishabh Pant has cuts on forehead, ligament tear in knee after car crash

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News