പുനഃസംഘടനയുടെ പേരിൽ എ ഗ്രൂപ്പ് ശക്തമായ വിവേചനം നേരിടുന്നു-റിയാസ് മുക്കോളി
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ കോൺഗ്രസ് എ ഗ്രൂപ്പ് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും റിയാസ് പറഞ്ഞു
മലപ്പുറം: പുനഃസംഘടനയുടെ പേരിൽ പാർട്ടിയിൽ എ ഗ്രൂപ്പ് ശക്തമായ വിവേചനം നേരിടുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. മലപ്പുറത്ത് നടന്ന ആര്യാടൻ ഫൗണ്ടേഷന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയും പാർട്ടിയിലെ പ്രശ്‌നങ്ങളും തമ്മിൽ ബന്ധമില്ല. ഫലസ്തീൻ പരിപാടിയുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും റിയാസ് 'മീഡിയവണി'നോട് പറഞ്ഞു.
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ കോൺഗ്രസ് എ ഗ്രൂപ്പ് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ നടപടിയുണ്ടാകില്ലെന്നാണ് റിയാസ് മുക്കോളി വ്യക്തമാക്കിയത്. ആര്യാടൻ ഫൗണ്ടേഷൻ കോൺഗ്രസുകാരാൽ നയിക്കപ്പെടുന്ന സ്വതന്ത്ര സംഘടനയാണ്. ഒരുപാട് സംഘടനകൾ ഫലസ്തീൻ വിഷയത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഫൗണ്ടേഷന്റെ പരിപാടിയെയും നോക്കിക്കാണുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും റിയാസ് പറഞ്ഞു.
ഫൗണ്ടേഷന്റെ മുൻ പരിപാടികളിൽ എം.എം ഹസൻ, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. 15,000 പേരെയാണു പരിപാടിയിലേക്കു പ്രതീക്ഷിച്ചതെങ്കിലും അതിനുമപ്പുറത്തുള്ള ജനപങ്കാളിത്തമാണുണ്ടായത്.
മലപ്പുറത്തെ കോൺഗ്രസുകാരുടെ മനസ്സ് പ്രയാസപ്പെടുന്ന ഫലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നു തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. മഴ കൊണ്ടാണ് ആളുകൾ പരിപാടിയിൽ പങ്കെടുത്തതെന്നും റിയാസ് പറഞ്ഞു.
Summary: Youth Congress State Vice President Riyas Mukkoli said that Group A is facing severe discrimination in the party due to reorganization in the Congress