'85 രൂപയ്ക്ക് ചിക്കൻ തരാമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധൻ ഇവിടെയുണ്ടായിരുന്നു'; ഐസകിനെ കുത്തി റോജി എം ജോൺ

"അദ്ദേഹം ഇപ്പോൾ എവിടെയാണ്"

Update: 2022-03-16 08:46 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസകിനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ റോജി എം ജോൺ. 85 രൂപയ്ക്ക് മുൻ ധനമന്ത്രി കെ ചിക്കൻ തരാമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണ് എന്നും റോജി ചോദിച്ചു.

'ചിക്കന്റെ വില ഇന്ന് 155 മുതൽ 160 രൂപ വരെയാണ്. 85 രൂപയ്ക്ക് കെ ചിക്കൻ കേരളത്തിൽ കൊടുക്കുമെന്ന് പറഞ്ഞ വേറൊരു സാമ്പത്തിക വിദഗ്ധൻ ഈ സഭയിലുണ്ടായിരുന്നു.' - എന്നാണ് ഐസകിന്റെ പേരെടുത്തു പറയാതെ റോജി പരിഹസിച്ചത്.

'കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും വിലക്കയറ്റത്തിന്റെ കെടുതി അനുഭവിക്കുകയാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്. ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ പോയി പഴവും പച്ചക്കറിയും വാങ്ങേണ്ട സാഹചര്യമാണുള്ളത്. പല ഉൽപ്പന്നങ്ങളും സപ്ലൈകോയിൽ ലഭ്യമില്ല. അവിടത്തെ സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപകമായ പരാതികളാണ് ഉള്ളത്.'- അദ്ദേഹം പറഞ്ഞു.

'വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് റോജി കുറ്റപ്പെടുത്തി. 'മൊത്ത വിതരണക്കാരുടെ പിന്തുണയോടു കൂടി ഇടനിലക്കാർ പൊതുവിപണിയിൽ വില ഉയർത്തുന്ന സാഹചര്യമാണുള്ളത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമാണ്. റേഷൻ കടകളിൽ 15,16 തിയ്യതികളിലാണ് സാധനങ്ങൾ ലഭിക്കുന്നത്. മനുഷ്യർ കഴിക്കുന്നതിന് മാത്രമല്ല, കന്നുകാലികൾ കഴിക്കുന്നതിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. സിപിഐയുടെ വകുപ്പിന് കീഴിലുള്ള എല്ലാറ്റിനും വില കൂടുന്നത് എനിക്ക് മനസ്സിലാകുന്നില്ല. റവന്യൂ വകുപ്പിന് കീഴിലുള്ള ഭൂമിക്കും കൂടി വില വർധിപ്പിച്ചു.' - അദ്ദേഹം ചൂണ്ടിക്കാട്ടി. 

സർക്കാർ വിപണിയിൽ ശക്തമായി ഇടപെടുന്നുണ്ടെന്നും വിലക്കയറ്റത്തിന് കാരണം പെട്രോൾ, ഡീസൽ വില വർധനയാണെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. കഴിഞ്ഞ വർഷം 1,853 കോടി വിപണി ഇടപെടലിന് ചെലവഴിച്ചെന്നും മന്ത്രി സഭയെ അറിയിച്ചു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. വിലക്കയറ്റം ഉണ്ടെങ്കിലും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോ ഔട്ട്ലെറ്റിൽ സാധനങ്ങൾ ലഭിക്കുന്നുണ്ട്. അതിനാൽ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News