പുന്നോലിലെ കൊലപാതകം: ആർ.എസ്.എസിന്റെ ലക്ഷ്യം കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാൻ; സി.പി.എം
പാർട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ആർ.എസ്.എസ് ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകം; എ.വിജയരാഘവൻ
തലശേരി പുന്നേലിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി സി.പി.എം. അക്രമികളുടെ ലക്ഷ്യം കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർത്ത് നാട്ടിൽ കലാപമുണ്ടാക്കുക എന്നതാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. പാർട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഇത് ആർ.എസ്.എസ് കൃത്യമായ ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടി സമ്മേളത്തിന്റെ പതാക ദിവസമായിരുന്നു ഇന്ന്. അന്നുതന്നെ കൊലപാതകം നടത്തിയത് വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ്. കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് ഹരിദാസനെ വെട്ടിക്കൊന്നത്. ഇത് ആർ.എസ്.എസിന്റെ ക്രൂരതയുടെ മുഖമാണ് വ്യക്തമാക്കുന്നത്.സി.പി.എം പ്രകോപനപരമായ ഒന്നുമുണ്ടാക്കിയിട്ടില്ല. അക്രമത്തിന് മുന്നിൽ തകരുന്ന പാർട്ടിയല്ല സി.പി.എം എന്നും അദ്ദേഹം വ്യക്തമാക്കി.
അത്യന്ത്യം വേദനാജനകമായ സംഭവമാണ് ഹരിദാസന്റെ കൊലപാതകമെന്ന് വി.ശിവദാസൻ എം.പി പ്രതികരിച്ചു. ഹരിദാസൻ യാതൊരു വിധ ക്രിമിനിൽ പശ്ചാത്തലമില്ലാത്തയാളാണ്. കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും വി.ശിവദാസൻ പറഞ്ഞു. ആർ.എസ്.എസ് കേരളത്തിൽ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ കൊലപാതകമെന്ന് സി.പി.എം നേതാവ് പി.ജയരാൻ പറഞ്ഞു.അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം.ആർ.എസ്.എസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് കൊലപാതകം എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനകരമായ നിരവധി സംഭവങ്ങളുണ്ടായിട്ടും സി.പി. എം വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സി.പി.എം നേതാവ് ടി.വി രാജേഷ് പ്രതികരിച്ചു. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. ആർ.എസ്.എസ് വലിയ രീതിയിൽ ആയുധം നിർമിക്കുന്നുണ്ട്. ആർ.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ ആശിർവാദത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. പരിശീലനം ലഭിച്ച കൊലപാത സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസനെ (54) ഇന്ന് പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. പുലർച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്.