കേരള പൊലീസിലെ ആർ.എസ്.എസ് ഗ്യാങ്; ആനി രാജയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ ഉന്നയിച്ചത്.

Update: 2021-10-05 12:52 GMT
Advertising

കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ എൻ. ശംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസിലെ രാഷ്ട്രീയവത്കരണ ശ്രമം ശ്രദ്ധയിൽ പെട്ടിട്ടില്ല, പൊലിസ് ഉദ്യോഗസ്ഥർ രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്നും സ്ത്രീ സുരക്ഷ്‌ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞിരുന്നു. പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങൾ വരെ ഉണ്ടാവുന്നു. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ നയം.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം പ്രവർത്തിക്കുകയുണ്ടായി. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നത്. ആ സമയത്ത് കൂടുതൽ ശക്തിയോടെ ഈ സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പൊലീസ് വീണ്ടും പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ആനി രാജ പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News