ആർ.എസ്.എസ് പരിപാടി; കെ.എൻ.എ ഖാദറിനോട് വിശദീകരണം തേടിയെന്ന് മുസ്‌ലിംലീഗ്
പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെഎൻഎ ഖാദർ രംഗത്തെത്തിയിരുന്നു
മലപ്പുറം: ആർഎസ്എസ് നേതാക്കൾ കേസരി ഓഫീസിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദറിനോട് വിശദീകരണം തേടിയതായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ഇന്നലെയാണ് കേസരി ആസ്ഥാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കെ.എൻ.എ ഖാദർ പങ്കെടുത്തത്. വിവാദമായ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെഎൻഎ ഖാദർ രംഗത്തെത്തിയിരുന്നു. സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
എന്നാൽ കെ.എൻ.കെ ഖാദറിനെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത് വന്നിരുന്നു. വയനാട്ടിൽ നടന്ന മുസ്ലിം ലീഗ് പരിപാടിയിലാണ് തങ്ങളുടെ പ്രതികരണം.'അച്ചടക്ക ബോധമുള്ള പാർട്ടിക്കാരാകുമ്പോൾ ആരെങ്കിലും വിളിച്ചാൽ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. രാജ്യസ്നേഹപരമായ പ്രത്യേകതകൾ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലിംലീഗുകാരെ സംബന്ധിച്ച് ഇല്ല'' വയനാട്ടിൽ നടന്ന മുസ്ലിംലീഗ് പരിപാടിയിൽ തങ്ങൾ നിലപാട് വ്യക്തമാക്കി.
കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ പങ്കെടുത്തതിൽ പ്രതികരണവുമായി ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നിരുന്നു. വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഖാദറിനെ വിളിച്ചു. അദ്ദേഹം വിശദീകരണം നൽകി. തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ആർഎസ്എസ് വേദിയിൽ ലീഗ് നേതാക്കൾ പോവാറില്ല. ഈ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ല. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലീഗ് നയത്തിന് എതിരായ പ്രവൃത്തിയാണ് കെ.എൻ.എ ഖാദർ ചെയ്തതെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു. പാർട്ടി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ അറിയിച്ചു.
Muslim League seeks explanation from KNA Khadar