പൊലീസിലെ നിർണായക ചുമതലകൾ കൈയാളാൻ ആർഎസ്എസ് -യു.ഡി.എഫ് അനുഭാവികളുടെ ശ്രമമെന്ന് കോടിയേരി
സിപിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളെ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.റെയിൽ സംസ്ഥാനത്തിന് അനിവാര്യമായ പദ്ധതിയാണെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടിയിലെ വിഭാഗീയത അംഗീകരിക്കില്ല. പൊലീസിലെ നിർണായക ചുമതലകൾ കൈയാളാൻ ആർഎസ്എസ് -യു.ഡി.എഫ് അനുഭാവികളുടെ ശ്രമമുണ്ടെന്നും വിമർശനങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു.
കെ-റെയിൽ പദ്ധതിയിൽ എതിർപ്പുന്നയിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിന് മുമ്പും ഇത്തരം എതിർപ്പുകൾ മറികടക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സിപിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സമ്മേളന വേദിയിൽ കോടിയേരി പറഞ്ഞു. ദേവസ്വം ബോർഡ് സ്ഥാനങ്ങളിൽ പാർട്ടി നോക്കളെ നിയമിക്കുന്നത് ആദ്യമല്ല. ഇത്തരം സ്ഥാനങ്ങളിൽ ഇനിയും പാർട്ടി നേതാക്കളെ നിയമിക്കേണ്ടിവരും. വിശ്വാസ സംരക്ഷണമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.
വീണ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിനെയും കോടിയേരി പിന്തുണച്ചു. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞക്ക് പാർട്ടിവിലക്കുകളില്ല. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച സംസ്ഥാന സെക്രട്ടറി വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ താക്കീതും നൽകി. പാർട്ടിയിൽ ഒരു നേതാവിനെ താങ്ങി ഒരാൾക്കും നിൽക്കാനാവില്ല. അത്തരം മതിലുകൾ തകർന്നാൽ എന്തു സംഭവിക്കുമെന്ന് ഓർക്കണമെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.