സി.പി.ഐയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് എസ്.രാജേന്ദ്രന്‍
മരണം വരെയും സി.പി.എമ്മിൽ തുടരുമെന്നും മറിച്ചുള്ള വാർത്തകൾ ചിലരുടെ മോഹങ്ങൾ മാത്രമാണെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു
സി.പി.എം വിട്ട് സി.പി.ഐയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് മുൻ എം.എൽ.എ എസ് രാജേന്ദ്രൻ. മരണം വരെയും സി.പി.എമ്മിൽ തുടരുമെന്നും മറിച്ചുള്ള വാർത്തകൾ ചിലരുടെ മോഹങ്ങൾ മാത്രമാണെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രനുമായി യാതൊരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്ന് സി.പി.ഐ ജില്ല നേതൃത്വവും വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ വിമത പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ സി.പി.എം അന്വേഷണം പുരോഗമിക്കുകയാണ്. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ് രാജേന്ദ്രൻ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരുമെന്നായിരുന്നു പ്രചാരണം. എസ്. രാജേന്ദ്രൻ സി.പി.ഐ നേതാക്കളുമായി ചർച്ചകൾ നടത്തിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എസ്. രാജേന്ദ്രൻ വ്യക്തമാക്കി. അംഗത്വം ആവശ്യപ്പെട്ട് എസ് രാജേന്ദ്രൻ ഇതുവരെ പാർട്ടിയെ സമീപിച്ചിട്ടില്ലെന്ന് സി.പി.ഐ ജില്ല നേതൃത്വവും വ്യക്തമാക്കി.
എസ്. രാജേന്ദ്രന് പാർട്ടിയിൽ നേതൃ സ്ഥാനം നൽകുന്നതിൽ സി.പി.എമ്മിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷന് മുമ്പാകെ രാജേന്ദ്രനെതിരെ നിരവധിപേർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ദേവികുളത്ത് പാർട്ടിയിൽ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന.