എസ്. രാജേന്ദ്രന്‍ സി.പി.എമ്മിന് പുറത്തേക്ക്; സി.പി.ഐയിലേക്ക് പോകാന്‍ സാധ്യത
രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയെന്നും പാർട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം എം.എം മണിയുടെ പരാമര്‍ശം
എം.എം മണിയുടെ വിമർശനത്തോടെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായി. പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും രാജേന്ദ്രൻ സി.പി.ഐയിൽ ചേർന്നേക്കുമെന്നാണ് സൂചന.
കാലങ്ങളായി ഇടുക്കിയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടിയാണ് കഴിഞ്ഞ ദിവസം എം.എം മണിയുടെ വാക്കുകളിലൂടെ പുറത്തുചാടിയത്. രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു മറയൂർ ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ എം.എം മണിയുടെ പരാമര്‍ശം. രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? മൂന്നു തവണ പാർട്ടി എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇത്രയുമാക്കിയ പാർട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നും മണി പറഞ്ഞു.
പാർട്ടി തന്നെ അവഗണിക്കുന്നുവെന്ന് എസ്. രാജേന്ദ്രന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദേവികുളത്തെ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് പറ്റിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ജനുവരിയോടെ മാത്രമേ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കൂ. ഇതിനു ശേഷമെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഏരിയ സമ്മേളനങ്ങളില്‍ നിന്നും പാർട്ടി പരിപാടികളില്‍ നിന്നും നേരത്തെ മുതല്‍ വിട്ടുനില്‍ക്കുന്ന രാജേന്ദ്രന്‍ സി.പി.ഐയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങളും നേരത്തെ ഉടലെടുത്തിരുന്നു.