നട തുറന്നു; ശബരിമലയിലേക്ക് തീർഥാടക പ്രവാഹം
അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്
പത്തനംതിട്ട: നടതുറന്നതോടെ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. ഇന്നലെ 15000 ഭക്തരാണ് സന്നിധാനത്തെത്തിയത്. ദേവസ്വം മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. കേന്ദ്ര കാർഷിക സഹമന്ത്രി ശോഭ കരന്തലജ ഇന്നലെ ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു
വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ഉച്ച പൂജക്ക് ശേഷം ഒരു മണിക്ക് നടയടക്കും. ഉച്ചതിരിഞ്ഞ് നല് മണിക്ക് നടതുറന്ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും.
പുലർച്ചെ മൂന്നര മുതൽ 7 മണി വരെയും , ഉഷ പൂജയ്ക്ക് ശേഷം ഏഴര മുതൽ 11 മണി വരെയുമാണ് നെയ്യഭിഷേകം. ഇന്നലെ മല കയറിയ 15000 വരുന്ന തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങിയത്. അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ തിരക്ക് വർധിക്കും എന്നതിനാൽ അത് കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളാണ് ശബരിമലയിൽ നടത്തിയത് എന്ന് ദേവസ്വം മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി. ഭക്തർക്കായി കാനനപാതയും തുറന്നിട്ടുണ്ട്.
ദിവസം 90,000 തീർഥാടകർക്കാണ് ബുക്ക് ചെയ്യാൻ കഴിയുക, പമ്പയിലും നിലയ്ക്കലിലും സ്പോട്ട് ബുക്കിങ് സംവിധാനവും ഉണ്ട് . നിലവിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള തീർഥാടകരാണ് ഏറെയും..
പന്ത്രണ്ട് വിളക്കിന് ശേഷമാകും കൂടുതൽ മലയാളികൾ എത്തുക..ഇന്നലെ സന്നിധാനത്തെത്തിയ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജ വ്യശ്ചികപ്പുലരിയിൽ അയ്യപ്പനെ തൊഴുതാണ് മല ഇറങ്ങിയത്...