തുലാമാസ പൂജക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും

ഈ മാസം 22 വരെയാണ് മാസ പൂജ നടക്കുന്നത്

Update: 2022-10-18 03:54 GMT
Advertising

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തുലാമാസ പൂജകൾക്ക് ശേഷം ശനിയാഴ്ച നടയടക്കും.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. വിശേഷ പൂജകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിർമ്മാല്യത്തിനും പതിവ് പൂജകള്‍ക്കും ശേഷം രാവിലെ ഏഴരയോടെയാവും പുതിയ മേല്ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടക്കുക.

ഹൈക്കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശങ്ങള്‍ പാലിച്ച് അപേക്ഷിച്ച 10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എട്ട് പേരാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്. മേല്‍ശാന്തി നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട രാജപ്രതിനിധികള്‍ ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിയിരുന്നു. കൊട്ടാരത്തിലെ ഇളം തലമുറക്കാരായ കൃത്തികേശ് വർമ്മയും, പൗർണ്ണമി ജി വർമ്മയുമാണ് ഇത്തവണ നറുക്കെടുപ്പ് നടത്തുക.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News