'എ.കെ.ജി സെന്‍ററില്‍ ദേശീയ പതാക ഉയർത്തിയത് പാര്‍ട്ടി പതാകയോട് ചേർന്ന്'; ദേശീയ പതാകയെ സി.പി.എം അപമാനിച്ചുവെന്ന് ആരോപണം

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ രംഗത്ത്.

Update: 2021-08-15 06:17 GMT
Advertising

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം ദേശീയ പതാകയെ അപമാനിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ രംഗത്ത്. പാർട്ടി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഓഫീസിൽ പതാക ഉയർത്തി വിപുലമായ ആഘോഷ പരിപാടികൾ സി.പി.എം നടത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദം തലപൊക്കുന്നതും.

എ.കെ.ജി സെന്‍ററിൽ ദേശീയ പതാക ഉയർത്തിയത് സി.പി.എം പതാകയോട് ചേർന്നാണെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരിനാഥൻ ആരോപിച്ചത്. ദേശീയ പതാകക്കൊപ്പം മറ്റൊരു കൊടിയുണ്ടാകരുതെന്നാണ് നിയമമെന്നും സി.പി.എം ചെയ്തത് ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.


Full View

ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് 75ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ–ബോധവൽക്കരണ പരിപാടി നടത്താനാണ് തീരുമാനം.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സ്വാതന്ത്ര്യ ദിനത്തിലെ നിലപാടില്‍ മാറ്റം വരുത്തിയത്.  ദേശീയതയുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികള്‍ നിരന്തരം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനും ഇതുവഴി പരിഹാരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ചൈന, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച മാർക്സിസ്റ്റ് പാർട്ടി, രാജ്യത്തിന്‍റെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന ആരോപങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് പുതിയ തീരുമാനം. സി.പി.ഐയില്‍ നിന്ന് പിളര്‍ന്ന് സി.പി.എം രൂപീകരിച്ച സമയം മുതല്‍ 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യ ദിനത്തില്‍ സിപിഎം ഉയര്‍ത്തിയിരുന്നത്.

ശബരീനാഥന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag"

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്.

CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News