'കുറിപ്പ് ദുർവ്യാഖ്യാനം ചെയ്തു'; പ്രതിഫല വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഖേദം അറിയിച്ചെന്ന് സച്ചിദാനന്ദൻ

സാഹിത്യോത്സവത്തിൽ വിളിച്ചുവരുത്തി തുച്ഛമായ തുക നൽകി അപമാനിച്ചെന്നായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം.

Update: 2024-02-04 05:56 GMT
Advertising

തൃശ്ശൂർ: പ്രതിഫല വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഖേദം അറിയിച്ചെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദൻ. തന്റെ കുറിപ്പ് അക്കാദമിക്കെതിരല്ലെന്നും കുറിപ്പ് ദുർവ്യാഖ്യാനം ചെയ്തതെന്നും ബാലചന്ദ്രൻ ചുളിക്കാട് പറഞ്ഞതായി സച്ചിദാനന്ദൻ അറിയിച്ചു. സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിൽ വിളിച്ചുവരുത്തി തുച്ഛമായ തുക നൽകി അപമാനിച്ചെന്നായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം.  

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോൽസവത്തിൽ പ്രസംഗിച്ചതിന്റെ പ്രതിഫലം ലഭിച്ചപ്പോഴാണെന്നായിരുന്നു ബാലച​ന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനം. കേരളജനതയുടെ സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോൽസവത്തിൽ രണ്ട് മണിക്കൂർ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിച്ചതിന് പ്രതിഫലമായി നൽകിയത് രണ്ടായിരത്തിനാനൂറു രൂപ. എറണാകുളത്തുനിന്ന് തൃശൂർവരെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ. 3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണെന്നും ചുള്ളിക്കാട് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ടെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News