കളമശ്ശേരി സ്‌ഫോടനത്തിൽ മുൻവിധിയോടെയുള്ള സമീപനമുണ്ടായി; മാർട്ടിൻ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടു: സാദിഖലി തങ്ങൾ
ചില മാധ്യമങ്ങൾ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ മാർട്ടിൻ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. അല്ലെങ്കിൽ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ. ചില മാധ്യമങ്ങൾ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയാനില്ല. മുൻവിധിയോടെ ഉള്ള സമീപനമാണ് പലരിൽനിന്നും ഉണ്ടായത്. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരട്ടെയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതിനിടെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷം സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ പാരമ്പര്യത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയുമുപയോഗിച്ച് ചെറുത്തുതോൽപ്പിക്കുമെന്നും യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.