'ശിൽപ്പം അശ്ലീലമാണ് എന്ന പരാതിയുണ്ടായിരുന്നു, അന്ന് ഞാൻ മുഖ്യമന്ത്രി കെ. കരുണാകരനെ പോയിക്കണ്ടു'

സാഗരകന്യക ശിൽപ്പം വേണ്ട രീതിയിൽ സംരക്ഷിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍ നേരത്തെ പരാതി പറഞ്ഞിരുന്നു

Update: 2022-11-01 06:17 GMT
Editor : abs | By : Web Desk
Advertising

പ്രഥമ കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന ശിൽപ്പി കാനായി കുഞ്ഞിരാമന്റെ നിലപാടിന് പിന്നിൽ ശിൽപ്പങ്ങളോടുള്ള സംസ്ഥാന സർക്കാർ അവഗണന. ശംഖുമുഖത്ത് താൻ രൂപകൽപ്പന ചെയ്ത സാഗരകന്യക  ശിൽപ്പം വേണ്ട രീതിയിൽ സംരക്ഷിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ പരാതി പറഞ്ഞിരുന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടും ഒന്നും നടന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

1990ലാണ് സംസ്ഥാന ടൂറിസം വകുപ്പ് ശംഖുമുഖത്ത് കാനായിയെ ശിൽപ്പനിർമാണം ഏൽപ്പിച്ചത്. ഏറെ ആലോചനകൾക്ക് ശേഷമാണ് സാഗരകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണം ആരംഭിച്ച ശേഷം ശിൽപ്പം അശ്ലീലമാണെന്ന പരാതി ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നതായും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ടാണ് അതിന് പരിഹാരം കണ്ടതെന്നും അദ്ദേഹം പറയുന്നു.

'ശിൽപം അശ്ലീലമാണെന്നു പരാതിയുണ്ടെന്നു പറഞ്ഞ് അന്നത്തെ ജില്ലാ കലക്ടർ നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഞാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശിൽപം പൂർത്തിയാക്കാൻ വേണ്ടതു ചെയ്യണമെന്നു കർശന നിർദേശം നൽകി. കലക്ടർ പിന്നീട് ക്ഷമ പറഞ്ഞു'- കാനായി വ്യക്തമാക്കി. രണ്ടു വർഷമെടുത്ത് പൂർത്തീകരിച്ച ശിൽപ്പത്തിന് കാനായി പ്രതിഫലം വാങ്ങിയിട്ടില്ല.

ലോക്ഡൗൺ കാലത്ത് ശിൽപ്പത്തോടു ചേർന്നുള്ള മൺതിട്ടയിൽ വലിയ പ്ലാറ്റ്‌ഫോം കെട്ടി ഹെലികോപ്റ്റർ സ്ഥാപിച്ചിരുന്നു. ടൂറിസം മന്ത്രിയെയും മുഖ്യമന്ത്രിയെയും ഇക്കാര്യം വിളിച്ചു പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനു ശേഷവും ഒന്നും സംഭവിച്ചില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. 

കാനായിക്ക് പുറമേ, ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവർക്കാണ് കേരള ശ്രീ പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം.

Summary: The state government's neglect of sculptures is behind the stance of sculptor Kanai Kunhiraman that he will not accept the first Kerala Shri award. He had earlier complained that the sculpture of Sagarakanyaka was not being properly preserved

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News