'പോരാഞ്ഞിട്ട് ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കി കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്ക് പോകുക'; ദത്ത് വിവാദത്തില്‍ സജി ചെറിയാൻ

"എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം"

Update: 2021-10-30 06:20 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സ്വന്തം കുഞ്ഞിനെ തേടുന്ന അനുപമ ചന്ദ്രനും അജിത്തിനുമെതിരെ മന്ത്രി സജി ചെറിയാൻ. അനുപമയ്ക്ക് കുട്ടിയെ ലഭിക്കണമെന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.''- മന്ത്രിയുടെ വാക്കുകൾ മനോരമ റിപ്പോർട്ട് ചെയ്തു.

സ്ത്രീ ശാക്തീകരണത്തിനായി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകകളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യാംപസിലെ സംഘടനാ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുറേ പഠിക്കുക, കുറേ ഛർദ്ദിക്കുക, എല്ലാവരും ജയിക്കുക, ഇതുമൂലം തുടർന്നു പഠിക്കാൻ സീറ്റില്ല. ഇതുമൂലം പാവം ശിവൻകുട്ടി വിഷമിക്കുകയാണ്- മന്ത്രി പറഞ്ഞു.

മദ്യശാലകൾ തുറക്കുന്നതിൽ ഉദാരസമീപനം വേണമെന്നും മന്ത്രി പറഞ്ഞു. 'സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്നു പറഞ്ഞാൽതന്നെ പൊട്ടിത്തെറിയാണ്.'- അദ്ദേഹം പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News