മന്ത്രി സ്ഥാനത്തിന് പിന്നാലെ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു
മന്ത്രിസ്ഥാനം പുതിയ ആർക്കെങ്കിലും നൽകണമോ അല്ല മറ്റ് മന്ത്രിമാർക്ക് അധിക ചുമതല നൽകണോ എന്നുള്ള കാര്യത്തിൽ സിപിഎം ഉടൻ തീരുമാനിക്കും
തിരുവനന്തപുരം: ഭരണഘടനാ നിന്ദ നടത്തി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന് എം.എല്‍.എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് സി.പി.എം വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങൾ വന്നേക്കും. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം സജി ചെറിയാന്റെ വകുപ്പ് കൈകാര്യം ചെയ്യാൻ പുതിയ മന്ത്രിയെ ഉടൻ തീരുമാനിച്ചേക്കില്ല.
സജി ചെറിയാൻ നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് വിലയിരുത്തി കൊണ്ടാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ സി.പി.എം നേതൃത്വം നിർദേശം നൽകിയത്. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് സജി ചെറിയാൻ ഭരണഘടനയിലൂന്നി നൽകിയ സത്യവാചകത്തിൻ്റെ ലംഘനം കൂടിയാണ് പ്രസംഗത്തിലുള്ളതെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന് എം.എൽ.എ സ്ഥാനവും രാജിവെക്കേണ്ടി വരില്ലേ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവരുന്നുണ്ട്.
സജി ചെറിയാൻ്റെ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണയിൽ വരും ദിവസം വരാൻ സാധ്യത ഉള്ളതുകൊണ്ട് സിപിഎം നേതൃത്വം ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭരണഘടനയെ പരസ്യമായി ലംഘിക്കുന്ന തരത്തിലുള്ള സജി ചെറിയാൻ്റെ പ്രസംഗം തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്. എന്നാൽ എം.എൽ.എ സ്ഥാനം നിലവിൽ രാജിവെക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. കോടതിയിൽ നിന്നടക്കം വിമർശനങ്ങളുണ്ടാവുകയോ പ്രതിപക്ഷ സമരം കടുക്കുകയോ ചെയ്താൽ അപ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. അതേസമയം സജി ചെറിയാൻ്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ വേണമെന്ന കാര്യത്തിൽ സി.പി.എം അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ മുഖ്യമന്ത്രിയാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. മന്ത്രിസ്ഥാനം പുതിയ ആർക്കെങ്കിലും നൽകണമോ അല്ല മറ്റ് മന്ത്രിമാർക്ക് അധിക ചുമതല നൽകണോ എന്നുള്ള കാര്യത്തിൽ സിപിഎം ഉടൻ തീരുമാനിക്കും. പുതിയ ആളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും സെക്രട്ടേറിയറ്റിൽ ഉണ്ടാവും. പുതിയ ആളെ പരിഗണിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജനാണ് കൂടുതൽ സാധ്യത. സാമുദായിക സമവാക്യങ്ങളടക്കം ചിത്തരഞ്ജന് അനുകൂലമായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായി മറ്റൊരു മന്ത്രി കൂടി വന്നാലും അത്ഭുതപ്പെടാനില്ല.