കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി; വീണ്ടും സർക്കാർ സഹായം തേടാൻ മാനേജ്‌മെന്റ്
സമരം ശക്തമാക്കാൻ തൊഴിലാളി യൂണിയനുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ തൊഴിലാളി യൂണിയനുകൾ സമരം ശക്തമാക്കും. ശമ്പളം നൽകാൻ വീണ്ടും സർക്കാർ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടി കൂടി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നൽകും. നിലവിൽ അനുവദിച്ച ശമ്പള തുക ഇന്ന് മുതൽ ഘടുക്കളായി നൽകാനും ആലോചനയുണ്ട്.
സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതൽ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതൽ ഐ.എൻ.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങും. മാർച്ചിലെ ശമ്പളത്തിനായി ജോലി ചെയ്ത് 47 ദിവസമായിട്ടും കൂലിയില്ലാത്ത ദയനീയാവസ്ഥയാണ് ജീവനക്കാരുടെത്. മുപ്പത് കോടി സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടങ്കിലെ ശമ്പളം നൽകാനാകൂ.
അതുകൂടി തരണമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. സർക്കാർ അനുവദിച്ച മുപ്പത് കോടി ഇന്ന് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച് ഗഡുക്കളായി ശമ്പളം നൽകാനും ആലോചനയുണ്ട്. അതേസമയം മാനേജ്‌മെന്റിനെതിരെ സി.ഐ.ടി.യു യൂണിയന്റെ സമരം കടുപ്പിക്കുകയാണ്.