ഷാഫിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കില്ലെന്ന് ആരോപണവിധേയനായ സാലി

കേസിൽ മുഹമ്മദ് ഷാഫിയെ മൈസൂരിലെത്തിച്ച് തെളിവെടുത്തു

Update: 2023-04-19 06:55 GMT
Editor : Jaisy Thomas | By : Web Desk

സാലി

Advertising

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിൽ പങ്കില്ലെന്ന് ആരോപണവിധേയനായ കൊടുവള്ളി സ്വദേശി സാലി. തനിക്ക് തരാനുള്ള പണം നൽകാതിരിക്കാൻ ഷാഫിയും സംഘവും നടത്തിയ നാടകമാണോ തട്ടിക്കൊണ്ടുപോകലെന്ന് സംശയമുണ്ടെന്നും സാലി പറഞ്ഞു . കേസിൽ മുഹമ്മദ് ഷാഫിയെ മൈസൂരിലെത്തിച്ച് തെളിവെടുത്തു.

താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഷാഫിയെ മൈസൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ മൈസൂരിലേക്കുള്ള ബസിൽ കയറ്റിവിട്ടതായാണ് ഷാഫി നൽകിയ മൊഴി. തട്ടികൊണ്ടു പോയ സംഘത്തിലെ രണ്ടു പേരെ തിരിച്ചറിയാമെന്ന് ഷാഫി അന്വേഷണ സംഘത്തോട് പറഞ്ഞു. പോലിസ് കാണിച്ച ഫോട്ടോകളിൽ ഉള്ള രണ്ടു പേർ സംഘത്തിൽ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയ ദിവസം വഴിയിൽ രണ്ടിടത്ത് വെച്ച് കാറുകൾ മാറ്റിയിരുന്നതായും, ഈ അവസരങ്ങളിലെല്ലാം തൻ്റെ കണ്ണ് കെട്ടിയതായും ഷാഫിയുടെ മൊഴിയിൽ പറയുന്നു . അതേസമയം ഷാഫിയുടെ മോചനത്തിനായി കുടുംബം തന്നെ സമീപിച്ചിരുന്നതായി സാലി പറയുന്ന ഓഡിയോ സന്ദേശം മീഡിയവണിന് ലഭിച്ചു.



തട്ടിക്കൊണ്ടു പോകലിലെ തൻ്റെ പങ്ക് നിഷേധിച്ച് പതിനാറാം തിയതി സാലി പുറത്തുവിട്ട ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഇതിൽ തനിക്ക് നൽകാനുള്ള പണം നൽകാമെന്നും ഷാഫിയെ മോചിപ്പിക്കണമെന്നും ബന്ധുക്കൾ സാലിയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ തനിക്ക് തട്ടിക്കൊണ്ടുപോലുമായി ബന്ധമില്ല എന്ന് ഷാഫിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നതായും സാലി പറയുന്നു. ഷാഫി ഒരുകോടി 36 ലക്ഷം രൂപ തനിക്ക് ഇപ്പോഴും നൽകാനുള്ളതായും സാലി പറയുന്നുണ്ട്. പണം നൽകാതിരിക്കാൻ ഷാഫിയും സംഘവും നടത്തിയ നാടകം ആണോ ഇതെന്ന സംശയവും ഓഡിയോ സന്ദേശത്തിൽ ഉയർത്തുന്നു. ഷാഫിയിൽ നിന്നും കൂടുതൽ വിശദമായ മൊഴി വരും ദിവസങ്ങളിൽ അന്വേഷണ സംഘം രേഖപ്പെടുത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News