'ഏകത്വത്തിനായി സെമിനാർ നടത്തുകയും വ്യക്തി നിയമം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു'; സി.പി.എമ്മിനെതിരെ വിമർശനവുമായി സുന്നി മഹല്ല് ഫെഡറേഷൻ നേതാവ്

മുസ്‌ലിം സമുദായത്തിനെതിരെ നിയമം കൊണ്ടുവരികയും പിന്നീട് അത് തിരുത്തി സംരക്ഷകരായി നിൽക്കുകയും ചെയ്യുകയാണ് ഇടതു സർക്കാറെന്നും സമദ് പൂക്കോട്ടൂർ

Update: 2023-07-14 05:15 GMT
Advertising

മലപ്പുറം: സി.പി.എമ്മിനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. സമുദായ സംരക്ഷകരായി നിൽക്കുകയും മുസ്‌ലിംകളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ കാപട്യം നിറഞ്ഞ നിലപാട് സ്വീകരിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്നും അബ്ദു സമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു. സിപിഎം ഏകത്വത്തിനായി സെമിനാർ നടത്തുകയും വ്യക്തി നിയമം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണെന്നും വ്യക്തി നിയമം സംബന്ധിച്ച് ഇ.എം.എസിന്റെ അതേ നിലപാടാണ് എം വി ഗോവിന്ദൻ തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുസ്‌ലിം വ്യക്തി നിയമം പൊളിച്ചെഴുതണമെന്നാണ് അവരുടെ നയമെന്നും എന്നാൽ മുസ്‌ലിംകൾക്ക് അത് അംഗീകരിക്കാനാകില്ലെന്നും കാരണം അത് അല്ലാഹുവിന്റെ നിയമമാണെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സമരത്തിൽ മുസ്‌ലിംകളടക്കമുള്ള മതവിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളും ഭരണഘടന നൽകുന്ന മതപരമായ ആചാര അനുഷ്ഠാന സംരക്ഷണ നിലനിൽക്കണമെന്നാണെന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ ഏകീകൃത സിവിൽ കോഡിലൂടെ തകർക്കരുതെന്നാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. അതേസമയം, ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നതോടൊപ്പം സമുദായങ്ങൾ അനുഭവിക്കുന്ന അവകാശങ്ങൾ പൊളിച്ചുകളയണമെന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് സുന്നി മഹല്ല് ഫെഡറേഷൻ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയങ്ങളിൽ യൂണിഫോം ഏകീകരിക്കുക, ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുക തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കൊണ്ടു വന്ന സർക്കാർ പ്ലസ് വൺ വിഷയത്തിൽ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബോർഡ് വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വൈകാരിക വിഷയങ്ങളിൽ ജനങ്ങൾക്ക് സംരക്ഷണം നൽകുന്നുവെന്ന് വരുത്തിതീർക്കുന്ന സർക്കാർ അടിസ്ഥാന വിഷയങ്ങളിൽ ഒന്നും ചെയ്യുന്നില്ലെന്നും വിമർശിച്ചു.

Full View

മുസ്‌ലിം സമുദായത്തിനെതിരെ നിയമം കൊണ്ടുവരികയും പിന്നീട് അത് തിരുത്തി സംരക്ഷകരായി നിൽക്കുകയും ചെയ്യുകയാണ് ഇടതു സർക്കാറെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളെ അന്യ മതസ്ഥരായ യുവാക്കൾ വിവാഹം കഴിക്കുമ്പോൾ സിപിഎം പാർട്ടി ഓഫീസിൽ വേദിയൊരുക്കുന്നത് എന്തിനാണെന്നും കേരളത്തിലെ വേറെയൊരു പാർട്ടിയും ഇങ്ങനെ ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം സെമിനാറിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഇടതുപക്ഷം നിലകൊള്ളുന്നത് സമുദായ സംരക്ഷത്തിനായാണെങ്കിൽ പൗരത്വ സമരത്തിലെ കേസുകൾ പിൻവലിക്കണമെന്നും പ്ലസ് വൺ പ്രവേശനം, വഖഫ് ബോർഡ്, 80-20 സംവരണം എന്നിവയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ ലക്ഷ്യം മതവിശ്വാസ സംരക്ഷണമാണ് അടിസ്ഥാന പ്രശ്‌നമെന്നും പറഞ്ഞു.

ഏകസിവിൽ കോഡ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ് ബിജെപി ഉയർത്തിക്കൊണ്ടുവരുന്നതെന്നും മുമ്പ് രാമക്ഷേത്രം ഉയർത്തി വോട്ട് നേടിയ പോലെ മുസ്‌ലിംകളെ പ്രശ്‌നക്കാരെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. എന്നാൽ ഈ തന്ത്രം തിരിച്ചറിഞ്ഞ മുസ്‌ലിംകൾ മതേതര ചേരിയോടൊപ്പം നിന്ന് പ്രതിരോധിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

Full View

സ്‌കൂൾ സമയമാറ്റത്തിൽ മദ്‌റസ അധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ അവരെ പരിഗണിച്ചില്ലെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.

Samasta Kerala Sunni Mahallu Federation leader Abdus Samad Pookotoor criticized CPM and state secretary MV Govindan Master on Muslim civil code policy.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News