സിപിഎമ്മിനോട് സമസ്തക്ക് 'പ്രത്യേക' സമീപനമൊന്നുമില്ല: നേതാക്കൾ

"ജിഫ്രി തങ്ങൾക്കു നേരെയുള്ള വധഭീഷണി വഖഫ് നിലപാടിന്റെ പേരിലല്ല"

Update: 2021-12-30 07:59 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ. വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്കു വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.

'സിപിഎമ്മിനോട് അങ്ങനെയൊരു സമീപനമൊന്നുമില്ല. എന്നാൽ അതാത് കാലത്ത് ഭരിക്കുന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതുസ്വഭാവം സമസ്തക്കുണ്ട്. അങ്ങനെ സമസ്ത നേതാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. അല്ലാതെ ഒരു പ്രത്യേക സമീപനം ഒന്നും ഉണ്ടായിട്ടില്ല.' - സിപിഎമ്മിനോട് അടുത്ത കാലത്തായി സമസ്തക്ക് മൃദുസമീപനമുണ്ടോ എന്ന ചോദ്യത്തിന് എംടി അബ്ദുല്ല മുസ്‌ലിയാർ മറുപടി നൽകി.

വഖഫ് വിഷയത്തിൽ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജിഫ്രി തങ്ങൾക്ക് ഭീഷണി ഉണ്ടായതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണിയിൽ സംഘടനാപരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. കേസോ നിയമനടപടിയോ വേണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മുമ്പോട്ടു പോയില്ല. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും കൂടെ നിൽക്കുക എന്നാണ് സമസ്തയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുന്നീ ഐക്യ ചർച്ചകളെ കുറിച്ചും നേതാക്കൾ പ്രതികരിച്ചു. സുന്നീ ഐക്യ ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. എന്നാൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മസ്‌ലഹത്തിന് വേണ്ടിയുള്ള ചർച്ച രൂപപ്പെടുകയാണ് എങ്കിൽ സമസ്ത അതിന്റെ മുമ്പന്തിയുണ്ടാകും. എല്ലാവരും ജിഫ്രി തങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ കൂട്ടത്തിലാണ് കാന്തപുരത്തിന്റെ പിന്തുണയും കാണുന്നത്. കാന്തപുരം ഇത്ര താമസിച്ചു പോയത് എന്താണ് ആലോചിക്കുന്നത്. കുറച്ചുകൂടെ മുമ്പു പറയേണ്ടതായിരുന്നില്ലേ? അദ്ദേഹം ചോദിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News