'ഇസ്‌ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമം'; കെ.അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ വിമർശനവുമായി സമസ്ത
മുസ്‍ലിം പെൺകുട്ടികളുടെ തട്ടം നീക്കിയെന്ന് ചിലർ അഭിമാനം കൊള്ളുകയാണെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
കൊച്ചി: മുസ്‍ലിം പെൺകുട്ടികൾ തട്ടമുപേക്ഷിക്കുന്നത് സി.പി.എമ്മിന്റെ പ്രവർത്തന നേട്ടമാണെന്ന കെ.അനിൽകുമാറിന്റെ പ്രസ്താവനയിൽ വിമർശനവുമായി സമസ്ത. ഇസ്‌ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പഞ്ഞു.
മട്ടാഞ്ചേരിയിൽ സമസ്ത സംഘടിപ്പിച്ച മദ്ഹുറസൂൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി തങ്ങൾ. മുസ്‍ലിം പെൺകുട്ടികളുടെ തട്ടം നീക്കിയെന്ന് ചിലർ അഭിമാനം കൊള്ളുന്നു. മുസ്‍ലിം കുട്ടികളെ സംബന്ധിച്ച് തലമറക്കുക എന്നത് നാണം മറക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടം വിവാദത്തിൽ കെ അനിൽകുമാറിനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും സമസ്തയുടെ കടുത്ത പ്രതിഷേധം തുടരുന്നതിന്‍റെ തെളിവാണ് ജിഫ്രി തങ്ങളുടെ വാക്കുകൾ. ഐക്യമില്ലാതെ രാഷ്ട്രത്തിന് വളരാനാകില്ലെന്നും ശാസ്ത്ര നേട്ടങ്ങൾ സമൂഹത്തിന് ഫലം ചെയ്യാൻ സ്‌നേഹം നിലനിൽക്കണമെന്നും തങ്ങൾ പറഞ്ഞു. അബ്ദുസ്സമദ് പൂക്കോട്ടൂർ മീലാദ് പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം പി, ഐ ബി ഉസ്മാൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.