'അതൊന്നും എം.എസ്.എഫിന്റെ ചെലവിൽ വരവുവയ്ക്കരുത്'; സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ നടപടിയെ പിന്തുണച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന് വിമർശനം

''തലയിൽ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വബോധം ഉയർത്തിപ്പിടിച്ച എല്ലാ സഹോദരിമാർക്കും സീതി സാഹിബിന്റയും സി.എച്ചിന്റെയും പാണക്കാട് തങ്ങളുമാരുടെയും എം.എസ്.എഫിൽ ഇടമുണ്ട്, വേദിയുണ്ട്, പ്രതലമുണ്ട്.''

Update: 2022-05-11 13:51 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരെ പിന്തുണച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ പാർട്ടിയിൽ വിമർശനമുയരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫനാസ് ചോറോട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിനെ വിമർശിച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സമസ്ത നേതാവിനെ പിന്തുണച്ച് നവാസ് ഫേസ്ബുക്കിലിട്ട കുറിപ്പ് സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി ആലോചനയില്ലാതെ കുത്തിക്കുറച്ച അക്ഷരങ്ങളാണെന്ന തരത്തിലാണ് വിമർശനം.

ഇടപെടലിന്റെ അനിവാര്യതയില്ലാത്ത സമയത്ത് സ്വതാൽപര്യങ്ങൾക്കു വേണ്ടി, ആലോചനകളില്ലാതെ കുത്തിക്കുറിച്ച അക്ഷരങ്ങളല്ല, മറിച്ച് മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കന്മാർ തലമുറകളായി പകർന്നു തന്ന മനോഹരമായ ആശയങ്ങളാണ് എം.എസ്.എഫ് നിലപാട്. അല്ലാത്തതൊന്നും എം.എസ്.എഫിന്റെ ചെലവിൽ വരവുവയ്ക്കരുത്-നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിനെ പരോക്ഷമായി സൂചിപ്പിച്ച് അഫ്‌നാസ് ഫേസ്ബുക്കിൽ വിമർശിച്ചു.

ഭൗതികതയോട് രാജിയാവാത്ത എം.ടി ഉസ്താദിനെപ്പോലെയുള്ള മഹാപണ്ഡിതർക്ക് അവരുടെ വീക്ഷണങ്ങൾ പറയാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ''അവിടെ അഭിപ്രായം പ്രകടിപ്പിക്കാൻ ഞാൻ ആളല്ല. ഐഡന്റിറ്റിയിൽ അഭിമാനം കൊള്ളുന്ന, ലിബറലിസത്തിന്റെ കപടവിപ്ലവങ്ങൾക്ക് തലവയ്ക്കാതെ, തലയിൽ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വബോധം ഉയർത്തിപ്പിടിച്ച എല്ലാ സഹോദരിമാർക്കും സീതി സാഹിബിന്റയും സി.എച്ചിന്റെയും പാണക്കാട് തങ്ങളുമാരുടെയും എം.എസ്.എഫിൽ ഇടമുണ്ട്, വേദിയുണ്ട്, പ്രതലമുണ്ട്.''- അഫ്‌നാസ് ചോറോട് കൂട്ടിച്ചേർത്തു.

പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമർശത്തെ ചൊല്ലി വലിയ വിവാദമാണ് ഉയർന്നത്. മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിന്റെ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെയാണ് വ്യാപകവിമർശനമുയർന്നത്.

Full View

ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവർ, പിന്നീട് മതത്തെയും നേതൃത്വത്തെയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് എം.എസ്.എഫ് ഹരിത മുൻനേതാവ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. എന്നാൽ, എം.ടി അബ്ദുല്ല മുസ്ലിയാർക്കെതിരായ വിമർശനം ഇസ്‌ലാമോഫോബിയയാണെന്നും മതവിരോധികളും അരാജകവാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ പുരോഗമനം സാധ്യമായതെന്നുമായിരുന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ പ്രതികരണം.

Summary: MSF Kozhikode district leader criticizes the state president PK Navas for supporting Samastha leader MT Abdulla Musliyar in insulting girl student row

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News