ജുമുഅ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സമസ്ത
40 ആളുകള്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് സമസ്ത ആവശ്യപ്പെട്ടതാണ് പക്ഷെ അനുകൂല സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.