ഏക സിവിൽ കോഡിനെതിരെ സി.പി.എം സെമിനാർ ഇന്ന്; മുസ്‍ലിം-ക്രൈസ്തവ-ദലിത് സംഘടന നേതാക്കൾ പങ്കെടുക്കും

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടം ചെയ്യും

Update: 2023-07-15 02:26 GMT
Editor : Jaisy Thomas | By : Web Desk

സി.പി.എം സെമിനാര്‍ പോസ്റ്റര്‍

Advertising

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് നടക്കും. മുസ്‍ലിം ക്രിസ്ത്യന്‍ ദലിത് സംഘടാ നേതാക്കള്‍ സെമിനാറിന്‍റെ ഭാഗമാകും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടം ചെയ്യും. സെമിനാർ പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങി വിവാദങ്ങള്‍ ഇപ്പോഴും സജീവമാണ്.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ. സി. പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ എല്‍.ഡി.എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം ഇ. കെ വിജയന്‍, ജോസ് കെ, മാണി, ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ് ഫൈസി, എന്‍.അലി അബ്ദുല്ല , ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറില്‍ സംസാരിക്കും. മുജാഹിദ് സംഘടനാ നേതാക്കളും എം.ഇ. എസും സെമിനാറിന്‍റെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി.എസ്.ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും എസ്.എന്‍.ഡി.പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി.പി.എം.




 കോണ്‍ഗ്രസിനെ മാറ്റി നിർത്തി മുസ് ലിം ലീഗിനെ മാത്രം സെമിനാറിലേക്ക് ക്ഷണിച്ചതോടെയാണ് സി പി എം സെമിനാർ ചർച്ചകളില്‍ നിറഞ്ഞത്. ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. ലീഗിനെ ക്ഷണിച്ചത് സി.പി. ഐയുടെ അതൃപ്തിക്ക് വഴിവെക്കുകയും ചെയ്തു. സെമിനാറില്‍ പങ്കെടുക്കുമ്പോഴും സമസ്തയുടെ ഭാഗമായ നേതാക്കള്‍ നടത്തുന്ന വിമർശം സി.പി.എമ്മിന് തലവേദനായായി മാറിയിട്ടുണ്ട്.

എസ്.എന്‍.ഡി.പിയുടെ പ്രതിനിധിയായി പങ്കെടുക്കുന്ന സന്തോഷ് അരയാക്കണ്ടിയുടെ ബി.ഡി.ജെ.എസ് ബന്ധവും ഏക സിവില്‍ കോഡിന്‍റെ കരട് വരുന്നതിന് മുമ്പുള്ള ചർച്ച നല്ലതല്ലെന്ന എസ്.എന്‍.ഡി.പിയുടെ നിലപാടും ഏറ്റവും അവസാന മണിക്കൂറിലെ വിവാദമായി. വിവാദങ്ങള്‍ക്കപ്പുറം സെമിനാറും ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭവും പൗരത്വ പ്രക്ഷോഭത്തിന് സമാനമായ ജനകീയ മുന്നേറ്റമായി മാറുമെന്ന പ്രത്യാശയിലാണ് സി.പി.എം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News