പി.എം.എ സലാമിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സമസ്ത; സാദിഖലി തങ്ങൾക്ക് നേരിട്ട് പരാതി നൽകും
സമസ്ത പോഷകസംഘടനാ നേതാക്കൾ നേരത്തെ സലാമിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞത്.
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ നടത്തിയ പരോക്ഷ വിമർശനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ സമസ്ത തീരുമാനം. മുശാവറാംഗങ്ങൾ സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് സലാമിനെതിരെ പരാതി ഉന്നയിക്കും. വിഷയത്തിൽ സമസ്ത പരാതി നൽകിയിട്ടില്ലെന്ന് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത നേതാക്കൾ തന്നെ നേരിട്ട് പരാതി ഉന്നയിക്കാൻ തീരുമാനിച്ചത്.
സമസ്ത പോഷകസംഘടനാ നേതാക്കൾ നേരത്തെ സലാമിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞത്. സമസ്ത നേതാക്കൾക്ക് പരാതിയില്ലെന്നും തലയിരിക്കുമ്പോൾ വാലാടേണ്ടെന്നും സാദിഖലി തങ്ങൾ സൂചിപ്പിച്ചിരുന്നു.
അതിനിടെ സമസ്ത തീരുമാനങ്ങൾ അംഗീകരിക്കാമെന്നും ബന്ധം തുടരണമെന്നും ആവശ്യപ്പെട്ട് സി.ഐ.സി നൽകിയ കത്ത് മുശാവറ തള്ളി. സി.ഐ.സി സംബന്ധിച്ച് നേരത്തെ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും മുശാവറ ആവർത്തിച്ചു. ആദർശവ്യതിയാനം ഉൾപ്പടെ ആരോപിച്ചായിരുന്നു സമസ്ത സി.ഐ.സിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഭരണഘടന, സിലബസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സമസ്ത നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാലല്ലാതെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും സമസ്ത വ്യക്തമാക്കി.