കളമശ്ശേരി ബോംബ് സ്‌ഫോടനം: വിദ്വേഷ പ്രചാരണത്തിന് സന്ദീപ് വാര്യർക്കെതിരെ കേസെടുക്കണം, പരാതി നൽകി എ.ഐ.വൈ.എഫ്
എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്‍കി എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.
കേരള സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ് ലിം സമുദായത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷക്ക് അർഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയിൽ എ.ഐ.വൈ.എഫ് വ്യക്തമാക്കുന്നു.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് നേരത്തെ പത്തനംതിട്ടയിൽ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.