'ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സംഘ്പരിവാർ സ്വാധീനമുണ്ടാക്കാൻ ശ്രമം, പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷം': മേഴ്‌സിക്കുട്ടിയമ്മ
എൻ. പ്രശാന്തിനെതിരായ സസ്പെന്‍ഷന്‍ നേരത്തെ വേണ്ടതായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ
കൊല്ലം: എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
സസ്പെൻഷൻ നേരെത്തെ വേണ്ടതായിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സംഘപരിവാർ സ്വാധീനമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ആ ശ്രമത്തെ പ്രതിരോധിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സർവീസ് ചട്ടലംഘനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഓഫീസർമാർക്കെതിരെ സർക്കാർ നടപടി എടുത്തത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിനെയുമാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനു സസ്‌പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തുന്ന എൻ. പ്രശാന്തിനെതിരായ നടപടി വേഗത്തിൽ വേണമെന്ന അഭിപ്രായം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന വ്യാജപ്രചാരണം നടത്താന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൂട്ടുനിന്നത് പ്രശാന്താണെന്ന് മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രികൂടിയായ ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചൊരു ചോദ്യത്തിന് ആരാണ് മേഴ്‌സിക്കുട്ടിയമ്മ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു പ്രശാന്തിന്റെ മറുപടി.