'പുഴയില്‍ തള്ളും മുമ്പെ മകളുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തു,വിറ്റ് മദ്യവും സിഗരറ്റും വാങ്ങി': സനുമോഹന്റെ മൊഴി
മകള്‍ വൈഗയെ ഫ്‌ളാറ്റില്‍വെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാല്‍ ഫ്‌ളാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
ഫ്‌ളാറ്റില്‍വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തും മുമ്പെ മകള്‍ വൈഗയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തിരുന്നതായി പിതാവ് സനുമോഹന്റെ മൊഴി. ഈ സ്വര്‍ണാഭരണം വിറ്റതായും ആ പണം കൊണ്ട് മദ്യവും സിഗരറ്റും കാറില്‍ കരുതിയിരുന്നതായും ഇയാള്‍ മൊഴി നല്‍കിയതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലേക്ക് സനുമോഹനെ എത്തിച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് നടത്തിയിരുന്നു.
തെല്ലും കുറ്റബോധമില്ലാതെയാണ് അയാൾ നടപടികളോട് സഹകരിച്ചത്. ഫ്ലാറ്റ് നിവാസികൾക്കും നാട്ടുകാർക്കും മുന്നിൽ നിൽക്കുമ്പോഴും കൂസലുണ്ടായിരുന്നില്ല. കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. മകള്‍ വൈഗയെ ഫ്‌ളാറ്റില്‍വെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാല്‍ ഫ്‌ളാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
മാത്രമല്ല, ഫ്‌ളാറ്റില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത് സനുവിന്റെതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതോടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ