അല്ലാഹു അക്ബര്‍; ഭയം നിറഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു വാക്കുകള്‍: സാറാ ജോസഫ്
കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സാറാ ജോസഫിന്റെ പ്രതികരണം
ഭയം നിറഞ്ഞ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ താൻ ഉറക്കെ ഉച്ചരിക്കാൻ ആഗ്രഹിക്കുന്ന രണ്ട് വാക്കുകൾ അല്ലാഹു അക്ബർ എന്നാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സാറാ ജോസഫിന്റെ പ്രതികരണം.
കർണാടകയിലെ കോളജുകളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശസമരത്തിനിടെ, സംഘ്പരിവാർ പ്രതിഷേധക്കാർക്കിടയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാണ്ഡ്യയിലെ പി.ഇ.എസ് കോളജിലെ വിദ്യാർത്ഥിനിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.
കോളജിലേക്ക് കറുത്ത പർദയും ഹിജാബും അണിഞ്ഞ് സ്‌കൂട്ടറിലാണ് പെൺകുട്ടിയെത്തിയത്. വാഹനം പാർക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നുവരുന്ന പെൺകുട്ടിക്ക് നേരെ ജയ് ശ്രീരാം വിളിച്ച് പ്രതിഷേധക്കാർ എത്തുകയായിരുന്നു. കാവി ഷാൾ വീശി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ നോക്കി പെൺകുട്ടി, അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചു.
പെൺകുട്ടി അല്ലാഹു അക്ബർ എന്ന് വിളിക്കുന്ന ദൃശ്യം മാത്രം മുറിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ വിദ്വേഷപ്രചരണങ്ങളും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാറാജോസഫിന്റെ പ്രതികരണം.