'അറസ്റ്റ് ഭയക്കുന്നു'; വിജിലൻസ് നീക്കത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് സരിത്
അഭിഭാഷകനുമായി സംസാരിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: ഇന്നത്തെ വിജിലന്‍സ് നീക്കത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് സരിത്. വരുംദിവസങ്ങളില്‍ കേരള പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നു. അഭിഭാഷകനുമായി സംസാരിച്ച് തുടര്‍നടപടി തീരുമാനിക്കും. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സരിത് പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് പ്രതികരണം.
വിജിലൻസ് സംഘം തന്നെ ബലമായി പിടിച്ചു കൊണ്ടുപോയെന്നും നോട്ടീസ് പോലും നല്‍കിയില്ലെന്നും സരിത് നേരത്തെ വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നുമായിരുന്നു വിജിലന്‍സ് സംഘം വിശദീകരിച്ചത്. എന്നാല്‍ ലൈഫ് മിഷൻ കേസിനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയെപ്പറ്റിയാണ് ചോദിച്ചതെന്നുമാണ് സരിത് പറയുന്നത്. മൊഴിയെടുക്കാനുള്ള നോട്ടീസ് നൽകാനാണ് ഫ്ളാറ്റില്‍ പോയതെന്നും നോട്ടീസ് കൈപറ്റിയ ശേഷം സരിത് അപ്പോൾ തന്നെ സ്വമേധയാ കൂടെ വരികയായിരുന്നെന്നുമുള്ള വിജിലന്‍സ് വാദമാണ് ഇതോടെ പൊളിഞ്ഞത്.
സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ പൊലീസ് കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തട്ടികൊണ്ട് പോകുന്ന പോലെയാണ് സരിത്തിനെ കൊണ്ട് പോയത്, ലൈഫ് മിഷൻ കേസിൽ മറ്റൊരു പ്രതിയായ ശിവശങ്കറിനോടും ഇങ്ങനെയാണോ വിജിലൻസ് പെരുമാറുകയെന്നും സ്വപ്ന ചോദിച്ചു.