'കേരളത്തിലാണ് അയിത്തം, ബല്ലാത്ത ജാതി': സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സത്താര്‍ പന്തലൂര്‍
'എം.കെ സ്റ്റാലിന്‍ സാമ്പത്തിക സംവരണത്തിനെതിരായ നിയമ പോരാട്ടത്തിന് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും സി.പി.എമ്മും പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു'
കോഴിക്കോട്: സാമ്പത്തിക സംവരണത്തില്‍ കോൺഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും നിലപാട് മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന്‍റെ താത്പര്യങ്ങൾക്കെതിരാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തലൂര്‍. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സാമ്പത്തിക സംവരണത്തിനെതിരെ പുനപ്പരിശോധനാ ഹരജി നൽകുകയാണ്. അദ്ദേഹം സാമ്പത്തിക സംവരണത്തിനെതിരായ നിയമ പോരാട്ടത്തിന് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും സി.പി.എമ്മും പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു. അപ്പോൾ കേരളത്തിലാണ് അയിത്തമെന്നും സത്താര്‍ പന്തലൂര്‍ വിശദീകരിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഭരണഘടന ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണ ബിൽ പാർലമെന്‍റിൽ വന്നപ്പോൾ കോൺഗ്രസും സി.പി.എമ്മും അനുകൂലിച്ച് വോട്ട് ചെയ്തു. സുപ്രിംകോടതിയിൽ കേസ് വന്നപ്പോൾ കേരള സർക്കാർ മൗനം പാലിച്ചു. സാമ്പത്തിക സംവരണം അംഗീകരിച്ചുകൊണ്ട് സുപ്രിംകോടതി വിധി വന്നപ്പോൾ കോൺഗ്രസും സി.പി.എമ്മും സ്വാഗതം ചെയ്തു.
കേരളത്തിൽ പിന്നാക്ക, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ ജനസംഖ്യയുടെ എൺപത് ശതമാനം വരും. ഇവർക്ക് അർഹമായ സംവരണാവകാശങ്ങൾ പോലും ഇത് വരെ ലഭിച്ചിട്ടില്ല. സാമ്പത്തിക സംവരണം ഇവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാൽ സാമ്പത്തിക സംവരണം ലഭിച്ച വിഭാഗങ്ങൾ ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ പ്രതിനിധ്യം നേടിക്കഴിഞ്ഞവരാണ്. അപ്പോഴും കോൺഗ്രസും സി.പി.എമ്മും മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന്‍റെ താത്പര്യങ്ങൾക്കെതിരായ സമീപനം സ്വീകരിച്ചിരിക്കുന്നു. രണ്ട് പേരും ഒരുമിച്ചാൽ വിമർശിക്കപ്പെടില്ലെന്ന് ആശ്വസിച്ചതാവും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സാമ്പത്തിക സംവരണത്തിനെതിരെ സുപ്രിംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നൽകുകയാണ്. അദ്ദേഹം സാമ്പത്തിക സംവരണത്തിനെതിരായ നിയമ പോരാട്ടത്തിന് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും സി.പി.എമ്മും പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു! അപ്പോൾ കേരളത്തിലാണ് അയിത്തം, ബല്ലാത്ത ജാതി.