സേവ് മണിപ്പൂർ: പ്രക്ഷോഭ പരിപാടിയുമായി എൽ.ഡി.എഫ്
ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി
തിരുവന്തപുരം: മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്. സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വാർത്താസമ്മേനത്തിൽ പറഞ്ഞു.
മണിപ്പൂർ കലാപത്തിന്റെ പേരിൽ ഇന്ത്യ ലോകത്തിന് മുമ്പിൽ അപമാനിക്കപ്പെടുന്നു. സ്തീകളെ തട്ടികൊണ്ടുപോവുക, നഗ്നയായി നടത്തുക, കൂട്ട ബലാത്സംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നടക്കുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയെ പോലും ബലാത്സംഗിത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അവിടെ നടക്കുന്ന കാര്യങ്ങളുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവരുന്നത്.
ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലക്കുനിക്കേണ്ട അവസ്ഥയാണ് ബി.ജെ.പി സർക്കാർ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാറെന്നും ജയരാജൻ പറഞ്ഞു.
പ്രതിഷേധ പരിപാടി മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യവും സ്ത്രീത്വത്തെ നശിപ്പിക്കുന്നവർക്കെതിരെയുള്ള ശക്തമായ പ്രതിരോധവുമായി തീരുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പരിപാടിയുടെ ഭാഗമായി നാളെ എല്ലാ ജില്ലകളിലും ജില്ലാകമ്മറ്റി യോഗവും 24 ന് മണ്ഡലകമ്മറ്റി യോഗവും ചേരും.
ഇടത് മുന്നണി യോഗത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. രാഷ്ട്രത്തെ ശിഥിലമാക്കുന്ന ഏക സിവിൽ കോഡ് നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.