കവരുന്നത് സ്വകാര്യത; മരണക്കെണിയാണ് ​ലോൺ ആപ്പുകൾ

ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും

Update: 2024-08-22 10:25 GMT
കവരുന്നത് സ്വകാര്യത; മരണക്കെണിയാണ്  ​ലോൺ ആപ്പുകൾ
AddThis Website Tools
Advertising

കോഴിക്കോട്: രണ്ടോ മൂന്നോ ക്ലിക്കിൽ ലോൺ നൽകുന്ന ഫിൻടെക് ആപ്പുകളുടെ കാലമാണിത്. മിനുട്ടുകൾക്കുള്ളിൽ വായ്പ നൽകുന്ന ഇത്തരം ആപ്പുകളുടെ കെണിയിൽ​പ്പെട്ട് ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുകയാണ്. ​ജാമ്യവും കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ ​പണം കടം കിട്ടുമെന്നതായോടെ ആപ്പുകളിൽ ​പോയി തലവെക്കുകയാണ് പലരും. യുവാക്കളും, വീട്ടമ്മമാരുൾപ്പടെ കെണിയിൽപെട്ടവർ നിരവധിയാണ്. 

സാമ്പത്തികതട്ടിപ്പിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് ഈ ഓൺലൈൻ വായ്പ ആപ്പുകളെന്നാണ് കണക്കുകൾ പറയുന്നത്. കോവിഡ് കാലമുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയാണ് ​ലോൺ ആപ്പുകളെ ആ​ശ്രയിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഇന്നത് ട്രെൻഡിങ് ആയിമാറിക്കഴിഞ്ഞു. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം ദിവസവും നൂറ് കണക്കിനാളുകളാണ് ലോൺ ആപ്പുകാരുടെ കെണിയിൽ വീഴുന്നത്. നിരവധി പേരാണ് ആപ്പുകളുടെ ഭീഷണിക്ക് മുന്നിൽ ജീവനൊടുക്കിയത്. അതിന്റെ അവസാനത്തെ സംഭവമാണ് പെരുമ്പാവൂർ സ്വദേശിനിയുടെ മരണം. യുവതിയു​ടെ ഫോണിൽ നിന്ന് ലോൺ നൽകുന്ന 34 ഓളം വ്യാജ ആപ്പുകളെയാണ് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.

നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളാണോ എന്നുപോലും പരിശോധിക്കാതെയാണ് പലരും ആധാർ അടക്കം നൽകി ലോൺ എടുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിങ് ഫിനാൻഷ്യ കമ്പനി  (എൻ.ബി.എഫ്.സി) ലൈസൻസ് നേടാത്ത ആപ്പുകളാണ് മിക്കതും. ഇത്തരം വ്യാജ ആപ്പുകൾ ഏഴ് ദിവസം മുതൽ ആറ് മാസം വരെ തിരിച്ചടവ് കാലാവധിയിലാണ് ​​​ലോണുകൾ അനുവദിക്കുക. അതിൽ കൂടുതൽ കാലാവധിയിലും ലോൺ അനുവദിക്കുന്ന ആപ്പുകളുണ്ട്.  20 ശതമാനം മുതൽ 40 ശതമാനം വരെ കൊള്ളപ്പലിശയാണ് ഇവ ഈടാക്കുന്നത്. ഇതിനു പുറമെ ലോൺ പ്രൊസസിങ് ഫീ എന്ന പേരിൽ 10 മുതൽ 25 ശതമാനം വരെ ചാർജും ഈടാക്കും. ലോണായി കിട്ടുന്ന പണത്തിന്റെ രണ്ടിരട്ടിയിലേറെയാണ് പല ആപ്പുകളും സാധാരണക്കാരിൽ നിന്ന് തിരിച്ചുപിടിക്കുന്നത്. 

പണയം വെക്കുന്നത് സ്വകാര്യത

​സ്വർണമടക്കമുള്ള മറ്റ് ഈടുകളൊന്നും വേണ്ടാത്തതാണ് ലോൺ എടുക്കുന്നവർ ഇത്തരം വ്യാജ ആപ്പുകളുടെ​ കെണിയിൽ വീഴാനുള്ള പ്രധാനകാരണം. ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും ഡിജിറ്റൽ കോപ്പി മാത്രം നൽകിയാൽ പണം അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കുള്ളിൽ വരും. സിംപിളാണ് കാര്യമെന്ന് കരുതി തലവെക്കുന്നത് ഊരാക്കുടുക്കിലേക്കാണ്.

ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ മുഴുവനും അവർ ചോർത്തുകയാണ്. ഗാലറിയിലുള്ള ചിത്രങ്ങളും മൊബൈൽ നമ്പരുകളും വാട്സാപ്പിൽ നമ്മൾ ബന്ധപ്പെടുന്നവരുടെ നമ്പരുകളും അവർ സ്വന്തമാക്കും. നമ്മളുടെ അനുമതിയോടെയാണ് ഇതെല്ലാം ആപ്പുകൾ എടുക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗാലറിയും കോൺടാക്ടും ഉപയോഗിക്കാനുള്ള അനുമതി ചോദിക്കു​മ്പോൾ കൊടുക്കാതിരിക്കുക എന്നതാണ് പരിഹാരം. എന്നാൽ അതൊന്നും വായിക്കാനോ പരിശോധിക്കാനോ നിൽക്കാതെ എല്ലാത്തിനും അനുമതി നൽകുന്നതാണ് അപകടം.  സാ​ങ്കേതിക വിദ്യയെ കുറിച്ചുള്ള പരിമിതമായ അറിവുകൾ ഇത്തരം ആപ്പുകൾക്ക്  ചൂഷണത്തിന് കൂടുതൽ അവസരം നൽകുന്നുണ്ട്.

വായ്പയുടെ ഒരു മാസത്തെ അടവ് തെറ്റിയാൽ ഭീഷണികലർന്ന വിളിയാണ് ആദ്യം വരിക. തൊട്ടുപിന്നാലെ ​ഫോണിൽ നിന്ന് ചോർത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പരിലേക്ക് ലോണെടുത്തെന്നും പണം തിരിച്ചടക്കുന്നില്ലെന്നുമുള്ള വിവരങ്ങൾ മെസേജുകളായി കൈമാറും.ലോണെടുത്തയാൾ നിങ്ങളെയാണ് ജാമ്യക്കാരനായി നിർത്തിയിരിക്കുന്നതെന്നും അറിയിക്കും. അവരെ തുടരെ തുടരെ വിളിച്ചു ബുദ്ധിമുട്ടിക്കും.

ഇങ്ങനെ ലോൺ എടുത്തയാളെ മാനസികമായി വേട്ടയാടും. അതോടെ ലോൺ എടുത്തയാൾ എങ്ങനെയെങ്കിലും അത് ക്ലോസ് ചെയ്യാൻ ശ്രമിക്കും. ചിലപ്പോൾ സമാനമായ മറ്റൊരു ആപ്പിൽ നിന്ന് ലോൺ എടുത്താകും ലോൺ അടക്കുക. ഇത് മറ്റൊരു കുരുക്കിലേക്കാകും എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ധമുണ്ടാക്കും. ഇതിനൊപ്പം മൊബൈലിൽ നിന്നെടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കും. ഫേസ്ബുക്കിലടക്കം പങ്കുവെക്കും. ഇതോടെ കനത്തസമ്മർദ്ധത്തിലേക്കാകും അവരെ തള്ളിയിടുക. അപമാനിക്കപ്പെടുകയും മാനസികമായി തളരുകയും ചെയ്തവരാണ് ഒടുവിൽ ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്ന് പൊലീസ് പറയുന്നു. പതിനായിരം ​രൂപ പണയമെടുത്തവർപോലും ആപ്പുകളുടെ ഭീഷണിയിലും അശ്ലീല സന്ദേശത്തിലും വീണ് മരണത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

വായ്പ എടു​ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ ലോൺ എടുക്കാൻ പാടുള്ളു. നിയമപരമായ സാധുതകൾ അത്തരം ഇടപാടുകൾക്ക് മാത്രമെയുള്ളു. ലോൺ നൽകുന്ന ബാങ്കുകൾക്കും ബാങ്കിതര സ്ഥാപനങ്ങൾക്കും ആപ്പുകൾക്കും റിസർവ് ബാങ്കിന്റെ അനുമതി നിർബന്ധമാണ്. റിസർവ് ബാങ്ക് നിശ്ചയിച്ച പലിശനിരക്കുകൾ മാത്രമെ ഈടാക്കാനും പാടുള്ളു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമെ അംഗീകൃത സ്ഥാപനങ്ങൾ ലോൺ നൽകുകയുള്ളു. അതേസമയം ലോൺ ആപ്പുകൾക്ക് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. പാൻകാർഡിന്റെയും ആധാറിന്റെയും പകർപ്പ് നൽകിയാൽ മതി. മൊബൈൽ വഴിയാണ് നടപടികളെല്ലാം എന്നതും സൗകര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തിരിച്ചടവ് വൈകുന്നതോടെയാണ് ആപ്പുകളുടെ യഥാർത്ഥ സ്വഭാവം പുറത്തുവരിക.  വായ്പ​യെടുക്കുമ്പോൾ ​ഈടുകളൊന്നും വാങ്ങാത്ത ആപ്പുകൾ ഫോണിലെ സ്വകാര്യവിവരങ്ങളും കോൺടാക്ട്, വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നമ്മൾ ബന്ധപ്പെടുന്നവരെയാണ് അവർ ലക്ഷ്യം വെക്കുന്നത്. അവരെ ഉപയോഗിച്ച് പണയമെടുത്താളിൽ നിന്ന് പണവും പലിശയും തിരിച്ചുപിടിക്കാനാകുമെന്നാണ് ആപ്പുകൾ കണക്കുകൂട്ടുന്നത്. ​ആപ്പ് ഇൻസ്റ്റാൾ​ ചെയ്താലുടൻ ​പർച്ചേസിങ് സ്വഭാവം, ഇ.എം.ഐ ഇടപാടുകൾ തുടങ്ങിയവയെല്ലാം അവർ പരിശോധിക്കും. എ.ഐ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മിനുട്ടുകൾക്കുള്ളിലാണ് അപേക്ഷകന്റെ സാമൂഹിക, സാമ്പത്തിക വിവരങ്ങൾ അവർ ​ശേഖരിക്കുന്നതത്രെ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആപ്പ് ഉപയോഗിക്കുമ്പോൾ ​മൊബൈൽ ഫോണിലുള്ള വിവരങ്ങൾ മുഴുവനും ഉപയോഗിക്കാൻ അനുമതി കൊടുക്കരുത്.
  • ലോൺ തരുന്നത് ഏത് ബാങ്കാണെന്ന് ആപ്പ് വ്യക്തമാക്കിയിരിക്കണം. വ്യക്തമല്ലെങ്കിൽ വായ്പ സ്വീകരിക്കരുത്.
  • പലിശ നിരക്കും, പ്രൊസസിങ്ങ് ഫീസും എത്രവരുമെന്ന് മുൻകൂട്ടി അറിയണം.
  • ആപ്പുകൾ നിശ്ചയിക്കുന്ന പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ കൂട്ടണം.
  • വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഭീഷണി​യിൽ തളരരുത്, പൊലീസിൽ പരാതിപ്പെടാം

അംഗീകൃതമല്ലാത്ത ​ലോൺ ആപ്പുകളിൽ നിന്ന് പണയമെടുക്കരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രമെ പണമിടപാടുകൾ നടത്താൻ പാടുള്ളു. ഇത്തരം ആപ്പുകൾ സന്ദർശിക്കുന്നത് പോലും കെണിയാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തട്ടിപ്പിന് ഇരയായാൽ ഉടനെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കാം. പരാതിനൽകാൻ​ പ്രത്യേക വാട്സ് ആപ്പ് നമ്പർ സംവിധാനവും നിലവിലുണ്ട്. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിന് പരാതി നൽകാം. ടെക്സ്റ്റ്, ചിത്രം, വിഡിയോ, വോയ്സ് എന്നീ രീതികളിലെ പരാതി നൽകാൻ പറ്റുള്ളു. വിളിച്ച് പരാതി നൽകാൻ കഴിയില്ല.  2023 ൽ എഴുപതോളം വ്യാജ ലോൺ ആപ്പുകളെയാണ് ​​​​േപ്ല സ്റ്റോറിൽ നിന്ന് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ ടീം നീക്കിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അനസ് അസീന്‍

contributor

Similar News