കൊലക്കേസ് പ്രതിയ ഒളിവില്‍ കഴിയാന്‍ സഹായിച്ച രേഷ്മ രാജിക്കത്ത് നല്‍കിയതായി സ്കൂള്‍ അധികൃതര്‍
പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്
കണ്ണൂര്‍: പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ രേഷ്മ രാജി നൽകിയതായി തലശ്ശേരിയിലെ സ്വകാര്യ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അറസ്റ്റിന് പിന്നാലെയാണ് രാജി നൽകിയത്. ഇവിടുത്തെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു രേഷ്മ.
പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്.കഴിഞ്ഞ ദിവസമാണ് നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തശേഷം മുറ്റത്തേക്ക് രണ്ട് ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.
നിജിൽ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് രേഷ്മ വീട് വാടകയ്ക്ക് നൽകിയതെന്നാണ് റിമാൻഡ് റിപ്പോർട്ട്.നിജിൽ നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് വീട് നൽകിയതെന്നും ഒരു വർഷമായി നിജിലിനെ പരിചയമുണ്ടെന്നും രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നു.