ഒന്നര വര്‍ഷത്തിനു ശേഷം കരുതലോടെ സ്കൂളിലേക്ക്; നാളെ പ്രവേശനോത്സവം
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നാളെ തുറക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും.
തിരികെ സ്കൂളിലെത്താനുള്ള തിരക്കിലാണ് കുട്ടികൾ. ഓൺലൈൻ പഠനത്തിന്റെ വിരസത മാറ്റി അധ്യാപകരെയും കൂട്ടുകാരെയും കാണാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അധ്യയനം. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തോടെയാണ് പഠനം തുടങ്ങുക.
15,452 സ്കൂളുകളിലായി 42,65,273 കുട്ടികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഹാജരും യൂണിഫോമും നിർബന്ധമല്ല. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിലേക്ക് വരാൻ അനുമതി. രണ്ടാഴ്ച പ്രത്യേക നിരീക്ഷണം നടത്തിയ ശേഷമേ സ്കൂൾ തുറക്കുന്നതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കൂ.