ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: വാർത്ത നിഷേധിച്ച് കോഴിക്കോട് മെഡി. കോളജ് പ്രിൻസിപ്പൽ
'കണ്ടെത്തിയത് ശസ്ത്രക്രിയക്കുപയോഗിക്കുന്ന മറ്റൊരു ഉപകരണം'
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന വാർത്ത നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. കണ്ടെത്തിയത് ശസ്ത്രക്രിയക്കുപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ്. 'ഇത് മെഡി.കോളജിൽ നിന്ന് കുടുങ്ങിയതാണെന്ന് പറയാനാവില്ല. നേരത്തെ മറ്റു രണ്ട് ആശുപത്രികളിൽ വെച്ച് യുവതിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് അന്വേഷിക്കുകയാണെന്നും മെഡി.കോളജ് പ്രിൻസിപ്പൽ. അന്വേഷണത്തിന് മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.
കോഴിക്കോട് താമരശ്ശേരി സ്വദേശി ഹർഷിനയുടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
2017 നവംബറിലായിരുന്നു ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ സിസേറിയനും പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്ത ശേഷം നിരന്തരം ആരോഗ്യപ്രശ്നങ്ങളുണ്ടായതായാണ് ഹർഷിന പറയുന്നത്. നിരവധി തവണ ഡോക്ടറെ കണ്ടെങ്കിലും കാരണം വ്യക്തമാകാഞ്ഞതിനാൽ സിടി സ്‌കാൻ ചെയ്യുകയും വയറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.
പിന്നീട് സെപ്റ്റംബറിൽ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. അഞ്ച് വർഷത്തോളം വയറ്റിൽ കുടുങ്ങി കിടക്കുകയായിരുന്നു കത്രിക. സിടി സ്‌കാനിൽ യുവതിയുടെ മൂത്രാശയത്തിൽ പഴുപ്പും വീക്കവും കണ്ടെത്തിയിരുന്നു. ഗുരുതരമായ മെഡിക്കൽ പിഴവിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ഇതിനിടയിലാണ് സംഭവം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ രംഗത്തെത്തിയത്.