വ്യാജ നമ്പർ ഉപയോഗിച്ച് കറക്കം, പിഴ വരുന്നത് മറ്റൊരാൾക്കും; തട്ടിപ്പ് പൊക്കി എം.വി.ഡി
പാലക്കാട് കൊപ്പം സ്വദേശി ആബിദിനാണ് സ്ഥിരമായി പിഴയടക്കാൻ നോട്ടീസ് വന്നത്.
മലപ്പുറം: എ.ഐ ക്യാമറ വന്നതിന് പിന്നാലെ വാഹനം മാറി പിഴ വരുന്നത് സാധാരണമായി കഴിഞ്ഞു, ഇത് പതിവായാൽ എന്ത് ചെയ്യും. പാലക്കാട് കൊപ്പം സ്വദേശി ആബിദിനാണ് സ്ഥിരമായി പിഴയടക്കാൻ നോട്ടീസ് വന്നത്.
എന്നാലിതിന് കാരണം ആബിദിന്റെ സ്കൂട്ടർ നമ്പർ വ്യാജമായി ഉപയോഗിച്ച് മറ്റൊരാൾ വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നും മോട്ടോർ വാഹന വകുപ്പ് ഈ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
കൊപ്പം സ്വദേശി ആബിദിന് എ.ഐ ക്യാമറയിൽ നിന്നും പിഴ വരുന്നത് പതിവായി. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിക്കുക , അമിത വേഗത എന്നിവക്ക് സ്ഥിരമായി പിഴ വരാൻ തുടങ്ങി. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയായ ആബിദിന് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയമ ലംഘനം നടത്തിയതിനാണ് പിഴ വന്നുകൊണ്ടിരുന്നത്.
തുടർന്ന് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകി. മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിലാണ് ആബിദിന്റെ സ്കൂട്ടറിന്റെ നമ്പർ വ്യാജമായി നിർമ്മിച്ച് മറ്റെരു വാഹനം നിരത്തിലിറങ്ങുന്നതായി കണ്ടെത്തിയത്. പൂക്കോട്ടൂരിലെ വർക്ക് ഷോപ്പിൽ നിന്നും സ്കൂട്ടർ പിടിച്ചെടുത്തു
വ്യാജ നമ്പർ നിർമ്മിച്ച് സ്കൂട്ടർ നിരത്തിലിറക്കിയ വ്യക്തിയെ ഉടൻ പിടികൂടും. വ്യാജനെ പിടിച്ചതോടെ ചെയ്യാത്ത കുറ്റത്തിന് പിഴ വരില്ലെന്ന ആശ്വാസത്തിലാണ് ആബിദ്. വ്യാജ നമ്പറുമായി പിടികൂടിയ സ്കൂട്ടർ രജിസ്റ്റർ ചെയ്തിട്ടില്ല. എ.ഐ ക്യാമറ വന്നതോടെ വ്യാജ നമ്പർ നിർമ്മിച്ച് സർവ്വീസ് നടത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Watch Video Report