ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി; എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ
28 അംഗ നഗരസഭയില്‍ 15 പേരും എല്‍.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് വിട്ടു വന്ന ഒരംഗത്തിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയാണു യു.ഡി.എഫിന്റെ സുഹ്റ അബ്ദുൽ ഖാദറിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 28 അംഗങ്ങളില്‍ 15 പേരും പ്രമേയത്തെ പിന്തുണച്ചു. യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. കോൺഗ്രസ് കൗൺസിലർ അൻസലന പരീക്കുട്ടി യു.ഡി.എഫ് വിട്ടതോടെ അംഗസംഖ്യ 13 ആയി കുറഞ്ഞു.
എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളും എസ്.ഡി.പി.ഐക്ക് അഞ്ച് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെ പ്രതിപക്ഷ നിരയിൽ 15 അംഗങ്ങളായി. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.