ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് കേരളം; കോട്ടയത്തും ഇടുക്കിയിലുമായി 17 പേര്‍ക്കായി തെരച്ചില്‍

കൂട്ടിക്കലിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാണാതായത് 9 പേരെ. ഇടുക്കിയിലെ കൊക്കയാറിൽ 8 പേര്‍ മണ്ണിനടിയിലാണ്

Update: 2021-10-17 01:38 GMT
Advertising

അപ്രതീക്ഷിത പേമാരിയില്‍ വിറങ്ങലിച്ച് കേരളം. കോട്ടയത്തും ഇടുക്കിയിലുമായി ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചു.

കോട്ടയത്തെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാണാതായത് 9 പേരെയാണ്. ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്.

കനത്ത മഴയിൽ കോട്ടയത്തിന്‍റെ കിഴക്കൻ മേഖല ഒറ്റപ്പെട്ടിരിക്കുകയണ്. കൂട്ടിക്കൽ, മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ മഴ തുടരുന്നു. 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി. ഇടുക്കിയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

10 ഡാമുകള്‍ കൂടി തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങള്‍കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി- ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News