ഷിരൂരിൽ തിരച്ചിൽ പുരോഗമിക്കുന്നു; ഗംഗാവാലിയിൽനിന്ന് ടാങ്കർ ലോറിയുടെ എഞ്ചിൻ കണ്ടെത്തി
അർജുന്റെ സഹോദരിയും ഭർത്താവും ഷിരൂരിൽ എത്തിയിട്ടുണ്ട്.
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിനിടെ ഗംഗാവാലി നദിയിൽനിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേതല്ലെന്നാണ് വിവരം.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. ഇവർ ഇപ്പോഴും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികൾ കഴിഞ്ഞ ദിവസം ഇവർക്ക് ലഭിച്ചിരുന്നു.
നദിയിൽ അഞ്ചിടത്താണ് മൺകൂനകൾ അടിഞ്ഞുകൂടിയത്. ഇവിടെയൊന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. നാവികസേനയും മറ്റു ഏജൻസികളും നടത്തിയ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
അർജുന്റെ സഹോദരിയും ഭർത്താവും അടക്കമുള്ള ബന്ധുക്കൾ ഇവിടെ എത്തിയിട്ടുണ്ട്. കാണാതായ രണ്ട് കർണാടക സ്വദേശികളുടെ ബന്ധുക്കളും ഇവിടെയുണ്ട്. ലോറി ഉടമ മനാഫും അദ്ദേഹത്തിന്റെ സഹോദരനും തിരച്ചിൽ നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.