അഞ്ചു കൊലപാതകവും കഴുത്തറുത്ത്, ആയുധം ഒളിപ്പിക്കുന്നത് കൈയിൽ ചുറ്റിയ തുണിയിൽ; കില്ലർ രാജേന്ദ്രന്‍റെ കൊലപാതക പരമ്പര
അഞ്ച് കൊലപാതകം നടത്തിയിട്ടും ഇതുവരെ ഒരു കേസിലും രാജേന്ദ്രൻ ശിക്ഷിക്കപ്പെട്ടില്ലെന്നതാണ് മറ്റൊരു ആശ്ചര്യകരമായ വസ്തുത.
തിരുവനന്തപുരം അമ്പലമുക്ക് കൊലപാതകക്കേസില്‍ പിടിക്കപ്പെട്ട പ്രതി രാജേന്ദ്രൻ കൊടുംകുറ്റിവാളിയെന്ന് പൊലീസ്. മുമ്പ് നടന്ന നാല് കൊലപാതകക്കേസുകളിലെ പ്രതിയാണ് രാജേന്ദ്രനെന്ന് പൊലീസ് പറഞ്ഞു. അമ്പലമുക്ക് കുറവൻകോണം റോഡിലെ അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കൊലപ്പെടുത്തിയ കേസില്‍ രാജേന്ദ്രന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
2014ൽ ഇയാള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതേ വര്‍ഷം തന്നെ തമിഴ്നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മറ്റൊരു കേസ് കൂടെ ഇയാള്‍ക്കെതിരെയുണ്ട്.കഴിഞ്ഞ ദിവസം രാവിലെയാണ് രാജേന്ദ്രന്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.
അമ്പലമുക്കിലെ കൊലപാതകത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഇയാള്‍ മോഷ്ടിച്ച യുവതിയുടെ മാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പഴയ കട ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിലാണ് പ്രതി മാല പണയം വച്ചിരുന്നത്.
രാജേന്ദ്രന്‍ കൊലപാതകം നടത്തുന്നതിലെ പ്രത്യേക രീതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കൊലപാതകങ്ങളിലും ഇരകളുടെ കഴുത്തിലെ ഞരമ്പ് മുറിച്ചാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. കൈയ്യിൽ കരുതുന്ന തുണിക്കുള്ളിലാണ് മൂർച്ചയുള്ള ആയുധം ഒളിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒറ്റനോട്ടത്തിൽ രാജേന്ദ്രന്‍റെ കൈയ്യില്‍ ആയുധം ഉണ്ടെന്ന് മറ്റൊരാള്‍ക്ക് മനസിലാകില്ല. മുമ്പ് തമിഴ്നാട്ടിൽ ഇയാള്‍ നടത്തിയ മൂന്നു കൊലപാതകങ്ങളിലും ഇതേ ശൈലിയാണ് ഇയാള്‍ തുടര്‍ന്നത്.
എം.എ ഇക്കണോമിക്സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. കവര്‍ച്ച നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിങ് നടത്താറുണ്ടെന്നും പൊലീസിന് പറയുന്നു. അഞ്ച് കൊലപാതകം നടത്തിയിട്ടും ഇതുവരെ ഒരു കേസിലും രാജേന്ദ്രന്‍ ശിക്ഷിക്കപ്പെട്ടില്ലെന്നതാണ് മറ്റൊരു ആശ്ചര്യകരമായ വസ്തുത.
ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയിലാണ് ജോലി ചെയ്തിരുന്നത്. ആരും തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇതെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് രാജേന്ദ്രന്‍ ആദ്യം സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചുമെല്ലാം രാജേന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തൽ നടത്തി.
പിടിയിലായത് അമ്പലമുക്ക് കൊലപാതകത്തിന് പിന്നാലെ...
അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കുള്ളില്‍ വിനീത കുത്തേറ്റു മരിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സി.സി ടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. വിനീതക്ക് എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്