ലൈംഗിക പീഡനക്കേസ്: ജയസൂര്യയും ബാബുരാജും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
വ്യാജ പരാതി തന്നെ അപകീർത്തിപ്പെടുത്താനെന്ന് ജയസൂര്യ, സാഹചര്യം മുതലെടുക്കാനെന്ന് ബാബുരാജ്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പരാതി തന്നെ അപകീർത്തിപ്പെടാനെന്നാണ് ജയസൂര്യയുടെ വാദം. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം തനിക്കെതിരായ പീഡനാരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പിറന്നാൾ ദിനത്തിലാണ് ജയസൂര്യ കുറിപ്പുമായി രംഗത്തുവന്നത്.
പീഡനക്കേസിൽ നടൻ ബാബുരാജും മുൻകൂർ ജാമ്യ ഹരജി നൽകി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ദുരുദ്ദേശമാണ് അതിനു പിന്നിലെന്നും ബാബുരാജ് ആരോപിച്ചു. സാഹചര്യം മുതലെടുക്കാനാണ് ഇപ്പോഴുള്ള ആരോപണം. വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ബാങ്ക് ഇടപാട് രേഖകളും ബാബുരാജ് ഹാജരാക്കി. ബാബുരാജ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2018- 2019 കാലഘട്ടത്തിൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നേരത്തെ ബാബുരാജ് മീഡിയവണിനോട് പറഞ്ഞിരുന്നു. തൻറെ റിസോർട്ടിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇവരുടെ അക്കൗണ്ട് പരിശോധിക്കണമെന്നും ബാബുരാജ് പറഞ്ഞു. പരാതിക്കാരി സിനിമാക്കാരിയല്ല. അവർ ആരാണെന്ന് അറിയണം. പണം നൽകി സ്വാധീനിച്ച് ഉയർത്തിയ ആരോപണമാണിതെന്നുമാണ് ബാബുരാജിൻറെ വാദം.