എസ്.എഫ്.ഐ ആൾമാറാട്ടം: കോളജ് പ്രിൻസിപ്പൽ ജി.ജെ ഷൈജുവിന് സസ്പെൻഷൻ
ഡോ. എൻ.കെ നിഷാദ് പുതിയ പ്രിൻസിപ്പലായി ചുമതലയേൽക്കും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്തു.ഡോ. എൻ.കെ നിഷാദിനെ പുതിയ പ്രിൻസിപ്പലാക്കാൻ സിഎസ്‌ഐ മാനേജ്‌മെൻറ് തീരുമാനിച്ചു.
ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർഥിനിയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് പ്രിൻസിപ്പൽ ജി.ജെ ഷൈജു ആയിരുന്നു.
പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് വിലയിരുത്തിയിരുന്നു. കടുത്ത നടപടി സ്വീകരിക്കാൻ ആയിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെതിരെ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സർവകലാശാല കോളജ് മാനേജ്‌മെന്റിന് രാവിലെ കത്തു നൽകി.
ഉചിതമായ നടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കണമെന്നാണ് രജിസ്ട്രാർ നിർദേശിച്ചത്. ഇല്ലെങ്കിൽ കോളജിന്റെ അഫലിയേഷൻ റദ്ദാക്കും എന്ന മുന്നറിയിപ്പു നൽകി ..ഇതോടെയാണ് പ്രിൻസിപ്പൽ ഡിജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ സിഎസ്‌ഐ മാനേജ്‌മെൻറ് തീരുമാനിച്ചത്. ഡോ.എൻ കെ നിഷാദ് ആണ് പുതിയ പ്രിൻസിപ്പൽ.