എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച; വിശദീകരണം കേട്ട ശേഷം നടപടി
ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ
തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച കേൾക്കും. യോഗത്തിൽ സംസ്ഥാന സെന്റർ അംഗങ്ങൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടി തീരുമാനിക്കുക.
ജില്ലാ ഭാരവാഹികളടക്കമുള്ളവർക്ക് നേരെ നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നു ചേർന്ന എസ്എഫ്‌ഐ സംസ്ഥാന സെന്റർ യോഗത്തിലാണ് തീരുമാനം.
അതേസമയം എം.പിയുടെ ഓഫീസ് അടിച്ച് തകർത്ത കേസിൽ 19 എസ്എഫ്‌ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എസ്എഫ്‌ഐ വയനാട് ജില്ലാ പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരെയാണ് ജയിലിലേക്ക് മാറ്റിയത്. അക്രമം അന്വേഷിക്കാൻ മാനന്തവാടി ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മേൽനോട്ടച്ചുമതലയുള്ള കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ വയനാട്ടിലെത്തി.
ആസൂത്രിതമായ അക്രമണമാണ് ഉണ്ടായതെന്ന് രാഹുലിന്റെ ഓഫീസ് സന്ദർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മോദി സർക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണെന്നും സതീശൻ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ വയനാട് ഡിസിസി ഓഫീസിന് സംരക്ഷണം നൽകാനെത്തിയ പൊലീസിനെ കോൺഗ്രസ് നേതാക്കൾ തടഞ്ഞു. ആവശ്യമുള്ളപ്പോൾ സംരക്ഷണം നൽകാത്ത പൊലീസ് ഇപ്പോഴും വേണ്ടെന്ന് പറഞ്ഞാണ് നേതാക്കൾ പൊലീസിനോട് ക്ഷുഭിതരായത്. ഡിസിസി ഓഫീസിനകത്തേക്ക് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരെ ടി സിദ്ദിഖും ഐസി ബാലകൃഷ്ണനും തള്ളി പുറത്താക്കി.